ദ്രാവിഡിനെ മറികടന്ന് റൂട്ടിന്റെ തേരോട്ടം; ആഞ്ഞുപിടിച്ചാൽ വൈകാതെ സച്ചിനും വീഴും!
Cricket
ദ്രാവിഡിനെ മറികടന്ന് റൂട്ടിന്റെ തേരോട്ടം; ആഞ്ഞുപിടിച്ചാൽ വൈകാതെ സച്ചിനും വീഴും!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th August 2024, 9:42 am

ശ്രീലങ്ക-ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 205 റൺസിന്റെ വിജയലക്ഷ്യം അനായാസം ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി സൂപ്പര്‍താരം ജോ റൂട്ട് അര്‍ധസെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 128 പന്തില്‍ പുറത്താവാതെ 62 റണ്‍സാണ് റൂട്ട് നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 64ാം ഫിഫ്റ്റി ആയിരുന്നു ഇത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും റൂട്ടിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് റൂട്ട് നടന്നുകയറിയത്. 63 അര്‍ധസെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ മറികടന്നുകൊണ്ടായിരുന്നു ഇംഗ്ലണ്ട് സൂപ്പര്‍താരത്തിന്റെ മുന്നേറ്റം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടിയ താരം, ടീം, അര്‍ധസെഞ്ച്വറികളുടെ എണ്ണം എന്നീ ക്രമത്തില്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-ഇന്ത്യ-68

ശിവ്‌നരെയ്ന്‍ ചന്ദ്രപോള്‍-വെസ്റ്റ് ഇന്‍ഡീസ്-66

ജോ റൂട്ട്-ഇംഗ്ലണ്ട്-64*

രാഹുല്‍ ദ്രാവിഡ്-ഇന്ത്യ-63

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ശ്രീലങ്ക 326 റണ്‍സിന് പുറത്താവുകയായിരുന്നു. ശ്രീലങ്കയ്ക്കായി കാമിന്ദു മെന്‍ഡീസ് സെഞ്ച്വറി നേടി നിര്‍ണായകമായി. 183 പന്തില്‍ 113 റണ്‍സ് നേടിയാണ് കാമിന്ദു തിളങ്ങിയത്. ദിനേശ് ചണ്ടിമല്‍, ആഞ്ചലോ മാത്യൂസ് എന്നിവര്‍ അര്‍ധസെഞ്ച്വറി നേടുകയും ചെയ്തു. ദിനേശ് 119 പന്തില്‍ 79 റണ്‍സും മാത്യൂസ് 145 പന്തില്‍ 65 റണ്‍സും നേടി.

ഇംഗ്ലണ്ട് ക്രിസ് വോക്‌സ്, മാത്യു പോട്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റും ഗസ് അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റും നേടി നിര്‍ണായകമായി. മാര്‍ക്ക് വുഡ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 236 റണ്‍സിന് പുറത്താവുകയായിരുന്നു. ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ 84 പന്തില്‍ 74 റണ്‍സ് നേടി ടോപ് സ്‌കോററായി. 135 പന്തില്‍ 72 റണ്‍സ് നേടി മിലന്‍ രത്‌നായകെയും മികച്ച പ്രകടനം നടത്തി.

ഇംഗ്ലീഷ് ബൗളിങ് നിരയില്‍ ക്രിസ് വോക്സ്, ഷോയിബ് ബഷീര്‍ എന്നിവര്‍ മൂന്ന് വിക്കറ്റും അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റും നേടി. ബാക്കിയുള്ള ഒരു വിക്കറ്റ് മാര്‍ക്ക് വുഡിന്റെ വകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 358 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനായി യുവതാരം ജാമി സ്മിത്ത് സെഞ്ച്വറി നേടി തിളങ്ങി. 148 പന്തില്‍ 111 റണ്‍സാണ് താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ജാമിയുടെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്.

ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റും പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. മിലന്‍ ഒരു വിക്കറ്റും നേടി.

ജയത്തോടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഇംഗ്ലണ്ടിന് സാധിച്ചു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ലോര്‍ഡ്‌സാണ് വേദി.

 

Content Highlight: Joe Root Great Record in Test Cricket