| Monday, 19th June 2023, 9:55 pm

240 മത്സരത്തില്‍ ഇതാദ്യം; ഒന്നാമനാകാന്‍ സാധിച്ചില്ല, സച്ചിന്റെ റെക്കോഡ് നേരത്തെ തകര്‍ത്തവന്‍ ചന്ദര്‍പോളിന് മുമ്പില്‍ ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി സ്റ്റംപ് ചെയ്യപ്പെട്ട് പുറത്താകുന്നതിന് മുമ്പ് ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കരീബിയന്‍ ലെജന്‍ഡ് ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെ മറികടക്കാന്‍ സാധിക്കാതെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ട്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ സ്റ്റംപ്ഡ് ആയി പുറത്തായതോടെയാണ് റൂട്ടിന് ഈ നേട്ടം നഷ്ടമായത്.

2012ല്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച റൂട്ട് ഒരിക്കല്‍പ്പോലും ലോങ്ങര്‍ ഫോര്‍മാറ്റില്‍ സ്റ്റംപ് ചെയ്യപ്പെട്ട് പുറത്തായിരുന്നില്ല. 131 ടെസ്റ്റ് മത്സരത്തിലെ 240 ഇന്നിങ്‌സില്‍ നിന്നുമായി റൂട്ട് ഇതാദ്യമായാണ് സ്റ്റംപ് ചെയ്യപ്പെട്ട് പുറത്താകുന്നത്.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ട് രണ്ടാം ഇന്നിങ്‌സിലും മികച്ച രീതിയിലാണ് തുടങ്ങിയത്. തന്റെ ട്രേഡ്മാര്‍ക്ക് ഷോട്ടായ റിവേഴ്‌സ് സ്‌കൂപ് അടക്കം അടിച്ചുകൊണ്ടാണ് അദ്ദേഹം ഓസ്‌ട്രേലിയക്ക് മേല്‍ പടര്‍ന്നുകയറിയത്.

55 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 46 റണ്‍സ് നേടി നില്‍ക്കവെയാണ് റൂട്ട് പുറത്താകുന്നത്. നഥാന്‍ ലയണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി സ്റ്റംപ് ചെയ്താണ് റൂട്ടിനെ പുറത്താക്കിയത്.

ടെസ്റ്റില്‍ ആദ്യമായി സ്റ്റംപ് ചെയ്യപ്പെടുന്നതിന് മുമ്പ് ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റൂട്ടുള്ളത്. 11,168 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം.

വെസ്റ്റ് ഇന്‍ഡീസിന്റെ ഗയാനീസ് സൂപ്പര്‍ താരം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളാണ് ഇന്നും ഈ നേട്ടം കയ്യാളുന്നത്. 11,414 റണ്‍സോടെയാണ് നരെയ്ന്‍ ഈ കുത്തക നിലനിര്‍ത്തുന്നത്.

ആദ്യമായി സ്റ്റംപ് ചെയ്യപ്പെട്ട് പുറത്താകുന്നതിന് മുമ്പേ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം, രാജ്യം റണ്‍സ് എന്നീ ക്രമത്തില്‍)

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11,414

ജോ റൂട്ട് – ഇംഗ്ലണ്ട് – 11,168

ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – 8,800

വിരാട് കോഹ്‌ലി – ഇന്ത്യ – 8,195

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ -7,419

ടെസ്റ്റ് കരിയറില്‍ ഒരിക്കല്‍പ്പോലും സ്റ്റംപ് ചെയ്യപ്പെട്ട് പുറത്താകാത്ത താരമാണ് ശ്രീലങ്കന്‍ ഇതിഹാസ താരം മഹേല ജയവര്‍ധനെ. ഇത്തരത്തില്‍ 11,814 റണ്‍സാണ് മഹേല സ്വന്തമാക്കിയത്.

ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതെത്താന്‍ സാധിച്ചില്ലെങ്കിലും പല റെക്കോഡുകളും നേടിയും തകര്‍ത്തുമാണ് റൂട്ട് മുന്നോട്ട് കുതിക്കുന്നത്. വേഗത്തില്‍ 11,000 റണ്‍സ് തികച്ച താരം എന്ന റെക്കോഡ് ഇതിനോടകം തന്റെ പേരിലാക്കിയ റൂട്ട്, ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നേട്ടത്തിലാക്കാണ് കണ്ണുവെക്കുന്നത്.

നിലവില്‍ 32 വയസ് മാത്രം പ്രായമുള്ള റൂട്ട്, ഇതേ ഫോമില്‍ മൂന്നോ നാലോ വര്‍ഷം കളിച്ചാല്‍ സച്ചിന്റെ റെക്കോഡും സ്വന്തം പേരിലാക്കുമെന്നുറപ്പാണ്.

Content highlight: Joe Root fails to break Shivnarine Chandrapaul’s record

We use cookies to give you the best possible experience. Learn more