|

രോഹിത്തിന്റെ റെക്കോഡിനൊപ്പം ഇനി അവന്റെ പേരും; റൂട്ട് മാജിക് തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 302ന് ഏഴ് വിക്കറ്റുകള്‍ എന്ന നിലയിലാണ്.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട് നടത്തിയത്. 226 പന്തില്‍ പുറത്താവാതെ 106 റണ്‍സാണ് റൂട്ട് നേടിയത്. ഒമ്പത് ഫോറുകളാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇംഗ്ലണ്ട് താരത്തെ തേടിയെത്തിയിരിക്കുകയാണ്.

ആക്റ്റീവ് ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പമെത്താന്‍ റൂട്ടിന് സാധിച്ചു. 47 സെഞ്ച്വറികളാണ് റൂട്ടിന്റെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ 31 സെഞ്ച്വറികളും ഏകദിനത്തില്‍ 16 സെഞ്ച്വറികളുമാണ് റൂട്ട് നേടിയത്.

രോഹിത് ശര്‍മയും മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും 47 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ച്വറിയും ഏകദിനത്തില്‍ 31 സെഞ്ച്വറികളും രോഹിത് നേടിയപ്പോള്‍ ടി-20യില്‍ അഞ്ച് സെഞ്ച്വറികളും ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആക്റ്റീവ് താരങ്ങള്‍

(താരം, ടീം, സെഞ്ച്വറികളുടെ എണ്ണം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി-ഇന്ത്യ-80

ഡേവിഡ് വാര്‍ണര്‍-ഓസ്‌ട്രേലിയ-49

ജോ റൂട്ട്-ഇംഗ്ലണ്ട്-47

രോഹിത് ശര്‍മ-ഇന്ത്യ-47

കെയ്ന്‍ വില്യംസണ്‍-ന്യൂസിലാന്‍ഡ്-45

സ്റ്റീവ് സ്മിത്-ഓസ്‌ട്രേലിയ-44

അതേസമയം ഇന്ത്യന്‍ ബൗളിങ് നിരയില്‍ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. ആകാശിന് പുറമെ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

നേരത്തെ ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഈ മത്സരം കൂടി വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കും. മറുഭാഗത്ത് ജയത്തോടെ പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനാവും ഇംഗ്ലണ്ട് ലക്ഷ്യമിടുക.

Content Highlight; Joe Root equals Rohit sharma record