| Saturday, 17th June 2023, 9:24 am

സച്ചിന്റെ റെക്കോഡൊക്കെ ഇങ്ങേര്‍ തൂക്കും 🔥, ഒരുത്തനും തൊടാന്‍ പോലും പറ്റാത്ത ഡോമിനന്‍സ്🔥; 'വേരണ്ണന്‍' മാസല്ലേ...

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും സെഞ്ച്വറി നേടി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. ആഷസ് പരമ്പരയിലെ, എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ആദ്യ മത്സരത്തിലാണ് റൂട്ട് വീണ്ടും സെഞ്ച്വറിയടിച്ചത്.

കരിയറിലെ 30ാം സെഞ്ച്വറിയാണ് റൂട്ട് ഓസ്‌ട്രേലിയക്കെതിരെ കുറിച്ചത്. ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി തികയ്ക്കുന്ന രണ്ടാമത് താരമാണ് ഫാബ് ഫോറിലെ ഈ കരുത്തന്‍. ഫാബ് ഫോറിലെ മറ്റൊരു സൂപ്പര്‍ താരമായ സ്റ്റീവ് സ്മിത്തിനെക്കാള്‍ ഒരു സെഞ്ച്വറി മാത്രമാണ് റൂട്ടിന് കുറവുള്ളത്.

ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 152 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ റൂട്ട് 118 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് ക്രിക്കറ്റ് ശൈലി വിളിച്ചോതുന്ന പ്രകടനമായിരുന്നു റൂട്ട് പുറത്തെടുത്തത്. തന്റെ ട്രേഡ് മാര്‍ക് ഷോട്ടുകളില്‍ പലതും റൂട്ട് ഓസീസ് ബൗളര്‍മാര്‍ക്കെതിരെ കളിച്ചിരുന്നു. റിവേഴ്‌സ് സ്വീപ്പും റാംപ് ഷോട്ടുമെല്ലാമായി എഡ്ജ്ബാസ്റ്റണിലെത്തിയ ആരാധകര്‍ക്ക് വിരുന്ന് തന്നെയായിരുന്നു റൂട്ട് നല്‍കിയത്.

2021 മുതലിങ്ങോട്ട് 62 ഇന്നിങ്‌സ് കളിച്ച റൂട്ട് 58.91 എന്ന ശരാശരിയില്‍ 3,299 റണ്‍സാണ് നേടിയത്. ഒമ്പത് അര്‍ധ സെഞ്ച്വറിയും 13 സെഞ്ച്വറിയും ഇക്കൂട്ടത്തില്‍പ്പെടും. 228 ആണ് ഉയര്‍ന്ന സ്‌കോര്‍.

ഇക്കാലയളവില്‍ ഒരു ബാറ്റര്‍ക്ക് പോലും 2,000 റണ്‍സിന് മുകളിലോ ഏഴ് സെഞ്ച്വറിക്ക് മുകളിലോ നേടാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ മോഡേണ്‍ ഡേ ഗ്രേറ്റിന്റെ ഡോമിനന്‍സ് എത്രത്തോളമാണെന്ന് വ്യക്തമാകുന്നത്.

സച്ചിന്‍ സടെന്‍ഡുല്‍ക്കറിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ വിരാട് കോഹ്‌ലിക്കാണ് സാധ്യത കല്‍പിക്കുന്നതെങ്കില്‍ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നത് റൂട്ടിനാണ്.

32ാം വയസില്‍ തന്നെ 11,000 റണ്‍സ് എന്ന മാര്‍ക് റൂട്ട് പിന്നിട്ടിരുന്നു. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് റൂട്ടിനെ തേടി ഈ നേട്ടമെത്തിയത്. ഇനിയും ഏറെ കാലം ക്രിക്കറ്റ് ബാക്കിയുള്ള റൂട്ട് സച്ചിന്റെ റെക്കോഡ് തകര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവില്‍ 131 മത്സരത്തില്‍ നിന്നുമായി 50.78 എന്ന ശരാശരിയില്‍ 11,122 റണ്‍സാണ് റൂട്ട് നേടിയത്. 30 സെഞ്ച്വറിയും 58 സെഞ്ച്വറിയും ഇക്കൂട്ടത്തില്‍പ്പെടും.

ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – രാജ്യം – റണ്‍സ് എന്ന ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 13,288

അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് -12,472

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 11,953

ശിവ്നരെയ്ന്‍ ചന്ദ്രപോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11,867

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11,814

സര്‍ അലന്‍ ബോര്‍ഡര്‍ – ഓസ്ട്രേലിയ – 11,174

ജോ റൂട്ട് – ഇംഗ്ലണ്ട് – 11,122

റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 15 സ്ഥാനങ്ങളിലെ ഏക ആക്ടീവ് ക്രിക്കറ്ററും റൂട്ട് തന്നെയാണ്.

Content highlight: Joe Root completes 30 test centuries

We use cookies to give you the best possible experience. Learn more