വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റ് എഡ്ജ്ബാസ്റ്റണില്‍ പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 282 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാതൈ്വറ്റിന്റെയും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മോശമല്ലാത്ത ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കിയത്.
ബ്രാതൈ്വറ്റ് 86 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ 112 പന്ത് നേരിട്ട് 59 റണ്‍സാണ് ഹോള്‍ഡര്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. 99 പന്ത് നേരിട്ട് 49 റണ്‍സ് നേടിയ ജോഷ്വ ഡ സില്‍വയുടെ ഇന്നിങ്‌സും വിന്‍ഡീസിന് തുണയായി.
ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ നാല് വിക്കറ്റ് നേടി. ക്രിസ് വോക്‌സ് മൂന്ന് കരീബിയന്‍ താരങ്ങളെ മടക്കിയപ്പോള്‍ ആന്‍ഡേഴ്‌സണ് പകരക്കാരനായെത്തിയ മാര്‍ക് വുഡ് രണ്ട് വിക്കറ്റും നേടി. ഷോയ്ബ് ബഷീറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ച് മുന്‍നിര താരങ്ങള്‍ കൂടാരം കയറി.
സാക്ക് ക്രോളി (13 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (12 പന്തില്‍ 3), മാര്‍ക് വുഡ് (8 പന്തില്‍ 0), ഒല്ലി പോപ്പ് (20 പന്തില്‍ 10), ഹാരി ബ്രൂക്ക് (3 പന്തില്‍ 2) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
എന്നാല്‍ നായകന്‍ ബെന്‍ സ്റ്റോക്‌സിനെ ഒപ്പം കൂട്ടി ജോ റൂട്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മോഡേണ്‍ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ബെസ്റ്റ് എന്ന് എന്തുകൊണ്ടാണ് തന്നെ വിളിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഇന്നിങ്‌സാണ് താരം പുറത്തെടുത്തത്.
ആദ്യ ഇന്നിങ്‌സില്‍ 60 റണ്‍സ് സ്വന്തമാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റൂട്ടിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 12,000 റണ്‍സ് എന്ന കരിയര്‍ മൈല്‍സ്‌റ്റോണാണ് താരം മറികടന്നത്.
ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത് താരവും ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഒന്നാമനുമാണ് റൂട്ട്.
ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 13,378
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 13,289
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 13,288
അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 12,472
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400
ജോ റൂട്ട് – ഇംഗ്ലണ്ട് – 12,000*
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 11,953
സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ് മറികടക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരമാണ് ജോ റൂട്ട്.
എന്നാലിപ്പോള്‍ സച്ചിന്റെ മറ്റൊരു റെക്കോഡ് മറികടന്നിരിക്കുകയാണ് റൂട്ട്. 12,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ലെജന്‍ഡ്. സച്ചിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് റൂട്ടിന്റെ മുന്നേറ്റം.
12,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
(താരം – ടീം – 12,000 റണ്‍സ് നേടുമ്പോഴുള്ള പ്രായം എന്നീ ക്രമത്തില്‍)
അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 33 വയസും 13 ദിവസവും
ജോ റൂട്ട് – ഇംഗ്ലണ്ട് – 33 വയസും 210 ദിവസവും
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യ – 35 വയസും 176 ദിവസവും
അതേസമയം, രണ്ടാം ദിവസം ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 228ന് ആറ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 120 പന്തില്‍ 84 റണ്‍സുമായി ജോ റൂട്ടും 38 പന്തില്‍ 37 റണ്‍സുമായി ജെയ്മി സ്മിത്തുമാണ് ക്രീസില്‍. 54 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് അവസാനമായി നഷ്ടമായത്.
Content Highlight: Joe Root completes 12,000 test runs