|

32ാം വയസില്‍ 11,000 😲🔥; സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ പോവുന്നേ...

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 352 റണ്‍സിന്റെ ലീഡ് നേടിയതിന് പിന്നാലെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും അയര്‍ലന്‍ഡിനെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനയക്കുകയും ചെയ്തിരുന്നു.

അയര്‍ലന്‍ഡിന്റെ 172 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 524 റണ്‍സിന് നാല് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഒലി പോപ്പിന്റെ ഇരട്ട സെഞ്ച്വറിക്കും ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിക്കും പുറമെ ജോ റൂട്ടും സാക്ക് ക്രോളിയും അര്‍ധ സെഞ്ച്വറിയും തികച്ചതോടെയാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോറിലെത്തിയത്.

ജോ റൂട്ട് അര്‍ധ സെഞ്ച്വറി നേടിയതോടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മനോഹരമായ നാഴികക്കല്ല് പിന്നിടുകയും ചെയ്തിരുന്നു. 11,000 റണ്‍സ് എന്ന മാര്‍ക്കാണ് റൂട്ട് മറികടന്നത്.

130 ടെസ്റ്റിലെ 238 ഇന്നിങ്‌സില്‍ നിന്നുമാണ് റൂട്ട് 11,000 റണ്‍സ് തികച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം എന്ന റെക്കോഡും ഈ 32കാരനെ തേടിയെത്തി.

238 ഇന്നിങ്‌സില്‍ നിന്നും 11,004 റണ്‍സാണ് നിലവില്‍ റൂട്ടിന്റെ സമ്പാദ്യം. 50.25 എന്ന മികച്ച ശരാശരിയിലും 56.25 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് റൂട്ട് റണ്‍സ് നേടുന്നത്. അഞ്ച് ഇരട്ട സെഞ്ച്വറിയും 29 സെഞ്ച്വറിയും 58 അര്‍ധ സെഞ്ച്വറിയുമാണ് റൂട്ട് കരിയറില്‍ സ്വന്തമാക്കിയത്. 14 തവണ 150+ സ്‌കോറും ഇംഗ്ലീഷ് ബാറ്റര്‍ സ്വന്തമാക്കിയിട്ടുണ്ട്.

സ്ഥിരതയാണ് റൂട്ടിന്റെ ഏറ്റവും വലിയ ആയുധം. 2021ല്‍ 8,000 റണ്‍സ് തികച്ച റൂട്ട് അതേ വര്‍ഷം തന്നെ 9,000 റണ്‍സും സ്വന്തമാക്കി. 2022 ലാണ് റൂട്ട് പതിനായിരം റണ്‍സ് മാര്‍ക്ക് പിന്നിട്ടത്. ഇപ്പോള്‍ താരം 11,000 റണ്‍സും സ്വന്തമാക്കിയിരിക്കുകയാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഈ സൈക്കിളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരവും റൂട്ട് തന്നെ.

32ാം വയസില്‍ തന്നെ 11,000 റണ്‍സ് പിന്നിട്ടതോടെ സച്ചിന്റെ ടെസ്റ്റ് റണ്‍സ് മറികടക്കാന്‍ റൂട്ടിനാകുമെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാവുകയാണ്. മുന്‍ നായകനും ഇംഗ്ലണ്ട് ലെജന്‍ഡുമായ അലിസ്റ്റര്‍ കുക്കിന്റെ അവസ്ഥ വന്നില്ലെങ്കില്‍ സച്ചിന്റെ റെക്കോഡ് റൂട്ട് മറികടക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

പാഡഴിക്കുമ്പോള്‍ 200 ടെസ്റ്റിലെ 323 ഇന്നിങ്‌സില്‍ നിന്നും 15,921 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്. 53.78 എന്ന ശരാശരിയിലാണ് സച്ചിന്‍ റണ്‍സ് നേടിയത്. ഈ റെക്കോഡാണ് റൂട്ട് തകര്‍ക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് റൂട്ട്.

ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – രാജ്യം – റണ്‍സ് എന്ന ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 13,378

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 13,289

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 13,288

അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് -12,472

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 11,953

ശിവ്‌നരെയ്ന്‍ ചന്ദ്രപോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11,867

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 11,814

സര്‍ അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – 11,174

ജോ റൂട്ട് – ഇംഗ്ലണ്ട് – 11,004

റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ 25 സ്ഥാനങ്ങളിലെ ഏക ആക്ടീവ് ക്രിക്കറ്ററും റൂട്ട് തന്നെയാണ്.

അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച അയര്‍ലാന്‍ഡ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് നേടിയത്. 55 പന്തില്‍ നിന്നും 33 റണ്‍സടിച്ച ഹാരി ടെക്ടറും 17 പന്തില്‍ നിന്നും 15 റണ്‍സുമായി പോള്‍ സ്‌റ്റെര്‍ലിങ്ങുമാണ് ക്രീസില്‍.

Content highlight: Joe Root completes 11,000 test runs