| Friday, 30th August 2024, 7:30 pm

'അവനെ കാണുമ്പോള്‍ ജാക്വസ് കാല്ലിസിനെ ഓര്‍മ വരുന്നു'; റൂട്ടിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചവനാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം മത്സരം ലോര്‍ഡ്‌സില്‍ തുടരുകയാണ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ശ്രീലങ്ക ഇംഗ്ലണ്ടിനെ പുറത്താക്കി ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 427 റണ്‍സാണ് സ്വന്തമാക്കിയത്. ഇതിഹാസ താരം ജോ റൂട്ട്, യുവതാരം ഗസ് ആറ്റ്കിന്‍സണ്‍ എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.

റൂട്ട് 206 പന്തില്‍ 143 റണ്‍സ് നേടിയപ്പോള്‍ 115 പന്തില്‍ 118 റണ്‍സാണ് ആറ്റ്കിന്‍സണ്‍ അടിച്ചെടുത്തത്. താരത്തിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അര്‍ധ സെഞ്ച്വറി തന്നെ സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്താണ് ആറ്റ്കിന്‍സണ്‍ ഇംഗ്ലണ്ട് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. 14 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ആറ്റ്കിന്‍സണിന്റെ ഈ ഇന്നിങ്‌സിനെ പുകഴ്ത്തുകയാണ് ജോ റൂട്ട്. ആറ്റ്കിന്‍സണിന്റെ ഇന്നിങ്‌സ് ആസ്വദിച്ചെന്നും അത് കണ്ടപ്പോള്‍ ജാക് കാല്ലിസിനെ ഓര്‍മ വന്നെന്നുമാണ് റൂട്ട് പറഞ്ഞത്.

‘ഗസ് ആറ്റ്കിന്‍സണ്‍ സ്‌ട്രെയ്റ്റ് സിക്‌സറുകള്‍ പറത്തുന്നത് ഞാന്‍ ആസ്വദിച്ചു. ജാക്വസ് കാല്ലിസ് കളിക്കുന്നത് പോലെയായിരുന്നു അത്,’ റൂട്ട് പറഞ്ഞു.

റൂട്ടിനും ആറ്റ്കിന്‍സണും പുറമെ ബെന്‍ ഡക്കറ്റിന്റെയും ഹാരി ബ്രൂക്കിന്റെയും ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ട് സ്‌കോര്‍ 400 കടത്തിയത്. ഡക്കറ്റ് 47 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ 33 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്.

ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ ഫൈഫര്‍ നേടി. മിലന്‍ രത്നായകെ, ലാഹിരു കുമാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രഭാത് ജയസൂര്യയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

രണ്ട് മെയ്ഡന്‍ അടക്കം 24 ഓവര്‍ പന്തെറിഞ്ഞ് 102 റണ്‍സ് വഴങ്ങിയാണ് ഫെര്‍ണാണ്ടോ ഫൈഫര്‍ നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് കാര്യങ്ങള്‍ അത്രകണ്ട് പന്തിയല്ല. നിലവില്‍ ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 83ന് അഞ്ച് എന്ന നിലയിലാണ് ശ്രീലങ്ക.

നിഷാന്‍ മധുശങ്ക (15 പന്തില്‍ ഏഴ്), ദിമുത് കരുണരത്‌നെ (26 പന്തില്‍ ഏഴ്), പാതും നിസങ്ക (18 പന്തില്‍ 12), ഏയ്ഞ്ചലോ മാത്യൂസ് (36 പന്തില്‍ 22), ക്യാപ്റ്റന്‍ ധനഞ്ഡയ ഡി സില്‍വ (മൂന്ന് പന്തില്‍ പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ലങ്കക്ക് നഷ്ടമായത്.

മാത്യു പോട്‌സ്, ഒലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്‌സാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

26 പന്തില്‍ 23 റണ്‍സുമായി ദിനേഷ് ചണ്ഡിമലും രണ്ട് പന്തില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ കാമിന്ദു മെന്‍ഡിസുമാണ് ക്രീസില്‍.

Content Highlight: Joe Root compares Gus Atkinson with Jacques Kallis

We use cookies to give you the best possible experience. Learn more