| Monday, 2nd September 2024, 1:33 pm

സച്ചിനെ വീഴ്ത്താനിറങ്ങിയവന്‍ ഇപ്പോള്‍ ദ്രാവിഡിനും ഭീഷണി; ചരിത്രത്തിലെ നാലാമനും ഒന്നാമനുമായി റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റും സ്വന്തമാക്കി ആതിഥേയര്‍. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 190 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഈ ജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ അവസാനിച്ചപ്പോള്‍ 2-0ന് ലീഡ് നേടാനും പരമ്പര സ്വന്തമാക്കാനും ത്രീ ലയണ്‍സിനായി.

സ്‌കോര്‍

ഇംഗ്ലണ്ട് 427 & 251

ശ്രീലങ്ക: 196 & 292 (T: 483)

സൂപ്പര്‍ താരം ജോ റൂട്ടിന്റെ ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ വിജയിച്ചുകയറിയത്. ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയാണ് റൂട്ട് തിളങ്ങിയത്.

ടെസ്റ്റ് കരിയറിലെ 34ാം സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ റൂട്ട് സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും റൂട്ട് സ്വന്തമാക്കി.

ബാറ്റിങ്ങിന് പുറമെ ഫീല്‍ഡിങ്ങിലും റൂട്ട് റെക്കോഡിട്ടിരുന്നു. 14ാം ഓവറിലെ അവസാന പന്തില്‍ പാതും നിസങ്കയെ സ്ലിപ്പില്‍ ക്യാച്ചെടുത്ത് പുറത്താക്കിയതിന് പിന്നാലെയാണ് ഈ ഐതിഹാസിക നേട്ടത്തിലേക്ക് റൂട്ട് കാലെടുത്ത് വെച്ചത്.

ടെസ്റ്റ് കരിയറിലെ 200ാം ക്യാച്ചെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് മാത്രം താരവും ആദ്യ ഇംഗ്ലണ്ട് ഫീല്‍ഡറുമാണ് റൂട്ട്.

ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ്, മഹേല ജയവര്‍ധനെ, ജാക് കാല്ലിസ് എന്നിവരാണ് ഇതിന് മുമ്പ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 200 ക്യാച്ച് പൂര്‍ത്തിയാക്കിയ താരങ്ങള്‍

ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ച് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – ടീം – മത്സരം – ക്യാച്ച് എന്നീ ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ഐ.സി.സി – 164 – 210

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 149 – 205

ജോ റൂട്ട് – ഇംഗ്ലണ്ട് – 145 – 200*

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ഐ.സി.സി – 166 – 200

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 168 – 196

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 109 – 183*

ജോ റൂട്ടിന്റെ മുന്‍ഗാമിയും മുന്‍ ഇംഗ്ലണ്ട് നായകനുമായ അലസ്റ്റര്‍ കുക്കാണ് ഈ നേട്ടത്തില്‍ രണ്ടാമതുള്ള ഇംഗ്ലണ്ട് താരം.

ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ച് പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍

(താരം – മത്സരം – ക്യാച്ച് എന്നീ ക്രമത്തില്‍)

ജോ റൂട്ട് – 145 – 200*

അലസ്റ്റര്‍ കുക്ക് – 161 – 175

ആന്‍ഡ്രൂ സ്‌ട്രോസ് – 100 – 121

ഇയാന്‍ ബോഥം – 102 – 120

മൈക്കല്‍ കൗഡ്രേ – 114 – 120

നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സെന്ന റെക്കോഡിന് ഭീഷണിയുയര്‍ത്തുന്ന ഏക താരം ജോ റൂട്ടാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ റൂട്ടിന്റെ പ്രകടനം പരിഗണിക്കുമ്പോള്‍ സച്ചിന്റെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡും ഒട്ടും സേഫല്ല.

സച്ചിനേക്കാള്‍ 17 സെഞ്ച്വറികളാണ് റൂട്ടിന് കുറവുള്ളത്. എന്നാല്‍ 2021 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 17 ടെസ്റ്റ് സെഞ്ച്വറികളാണ് റൂട്ട് അടിച്ചുകൂട്ടിയത് എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. നിലവില്‍ 33കാരനായ റൂട്ട് മൂന്ന് വര്‍ഷം കൂടി ഇതേ ഫോമില്‍ തുടര്‍ന്നാല്‍ സച്ചിന്റെ റെക്കോഡും തകര്‍ന്നുവീഴും.

സച്ചിന്റെ റെക്കോഡിനൊപ്പം ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ചെന്ന ദ്രാവിഡിന്റെ റെക്കോഡിനും റൂട്ട് ഭീഷണിയാവുകയാണ്. ഈ നേട്ടങ്ങള്‍ മറികടക്കാന്‍ മോഡേണ്‍ ഡേ ലെജന്‍ഡിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Joe Root becomes the first England fielder to complete 200 catches in test

We use cookies to give you the best possible experience. Learn more