വിട പറയും മുമ്പേ തിരുത്തിയത് ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടിന്റെ ചരിത്രം; റൂട്ട് യൂ ബ്യൂട്ടി
icc world cup
വിട പറയും മുമ്പേ തിരുത്തിയത് ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടിന്റെ ചരിത്രം; റൂട്ട് യൂ ബ്യൂട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th November 2023, 5:49 pm

ലോകകപ്പില്‍ ഇംഗ്ലണ്ട് തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡസിലാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടത്തിനിറങ്ങിയത്. സെമി മോഹവുമായി ഇറങ്ങിയ പാകിസ്ഥാനാണ് എതിരാളികള്‍.

ചാമ്പ്യന്‍മാര്‍ എന്ന പേരും പെരുമയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഈ ലോകകപ്പ് കണ്ണീര്‍ മാത്രമാണ് നല്‍കിയത്. നിലവില്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചത്. അവസാന മത്സരത്തില്‍ വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനും 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുമാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.

എന്നാല്‍ നാട്ടിലേക്ക് മടങ്ങും മുമ്പ് ഒരു തകര്‍പ്പന്‍ റെക്കോഡ് തന്റെ പേരിലാക്കിയാണ് സൂപ്പര്‍ താരം ജോ റൂട്ട് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റര്‍ എന്ന നേട്ടം കൈപ്പിടിയിലൊതുക്കിയാണ് റൂട്ട് കയ്യടി നേടിയത്.

ഈ മത്സരത്തിന് മുമ്പ് 24 ഇന്നിങ്‌സില്‍ നിന്നും 974 റണ്‍സായിരുന്നു റൂട്ട് നേടിയത്. ബംഗ്ലാദേശിനെതിരെ 26 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് റൂട്ട് 1,000 ലോകകപ്പ് റണ്‍സ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്.

 

നിലവില്‍ 26 മത്സരത്തിലെ 25 ഇന്നിങ്‌സില്‍ നിന്നും 44.37 എന്ന ശരാശരിയിലും 97.56 എന്ന മികച്ച സ്‌ട്രൈക്ക് റ്റേറ്റിലുമാണ് റൂട്ട് റണ്ണടിച്ചുകൂട്ടിയത്. നാല് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടിയ റൂട്ടിന്റെ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ 121 ആണ്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടി ഇംഗ്ലണ്ട് താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ജോ റൂട്ട് – 25*- 1,032

ഗ്രഹാം ഗൂച്ച് – 21 – 897

ബെന്‍ സ്‌റ്റോക്‌സ് – 16* – 769

ജോണി ബെയര്‍സ്‌റ്റോ – 20 – 747

ഇയാന്‍ ബെല്‍ – 21 – 718

അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് 300 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 47 ഓവര്‍ പിന്നിടുമ്പോള്‍ 304 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്.

ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് വന്‍ ടോട്ടലിലേക്ക് കുതിക്കുന്നത്.

ബെയര്‍സ്‌റ്റോ 61 പന്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ റൂട്ട് 72 പന്തില്‍ 60 റണ്‍സും സ്റ്റോക്‌സ് 76 പന്തില്‍ 84 റണ്‍സും നേടി.

 

Content Highlight: Joe Root becomes the first England batter to complete 1,000 world cup runs