icc world cup
മാച്ചിലെ ടോപ് സ്‌കോററല്ല, എന്നിട്ടും റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍; ഇതിഹാസ റെക്കോഡ്
ഐ.സി.സി വേള്‍ഡ് കപ്പില്‍ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടേറ്റുവാങ്ങിയ നാണംകെട്ട തോല്‍വി മറക്കാനുറച്ചാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്.
ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ബട്‌ലറിന്റെയും സംഘത്തിന്റെയും എതിരാളികള്‍. ടോസ് നേടിയ ബംഗ്ലാദേശ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മികച്ച തുടക്കമാണ് റെയ്‌നിങ് ചാമ്പ്യന്‍മാര്‍ക്ക് ലഭിച്ചത്. ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലനും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ബംഗ്ലാ ബൗളര്‍മാരെ തല്ലിയൊതുക്കിയ ഈ കൂട്ടുകെട്ടിനെ തകര്‍ത്തത് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനായിരുന്നു.
ബെയര്‍സ്റ്റോയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 59 പന്തില്‍ 52 റണ്‍സ് നേടി നില്‍ക്കവെ ഷാകിബിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു ഓപ്പണറുടെ മടക്കം.
എന്നാല്‍ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനേക്കാള്‍ ഭീകരമായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട്. ഡേവിഡ് മലനൊപ്പം മോഡേണ്‍ ഡേ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ബെസ്റ്റായ ജോ റൂട്ടാണ് ക്രീസിലെത്തിയത്. സാധാരണ ശൈലിയില്‍ നിന്നുമാറി ആക്രമണോത്സുക ബാറ്റിങ് രീതിയാണ് റൂട്ട് ധര്‍മശാലയില്‍ പുറത്തെടുത്തത്.
ബെയര്‍സ്റ്റോക്കൊപ്പം ബംഗ്ലാ കടുവകളെ അടിച്ചുപറത്തിയ മലന്‍ വീണ്ടും അതേ രീതിയില്‍ ബാറ്റ് വീശി. ഒന്നിന് പിറകെ ഒന്ന് എന്ന രിതീയില്‍ ബൗണ്ടറികള്‍ പിറന്നപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു.
ഒടുവില്‍ ടീം സ്‌കോര്‍ 266ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി ഡേവിഡ് മലന്‍ പുറത്തായി. 107 പന്തില്‍ നിന്നും 16 ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 140 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മഹെദി ഹസനാണ് വിക്കറ്റ് നേടിയത്.
ടീം സ്‌കോറിലേക്ക് 30 റണ്‍സ് കൂടിച്ചേര്‍ത്ത് റൂട്ടും മടങ്ങി. 68 പന്തില്‍ 82 റണ്‍സ് നേടിയാണ് ജോ റൂട്ട് പവലിയനിലേക്ക് തിരിച്ചുനടന്നത്. എട്ട് ബൗണ്ടറിയും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും റൂട്ടിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് റൂട്ട് നേടിയത്. ഇംഗ്ലണ്ട് ഇതിഹാസം ഗ്രഹാം കൂച്ചിന്റെ റെക്കോഡാണ് റൂട്ട് മറികടന്നത്.
ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – റണ്‍സ് – ഇന്നിങ്‌സ് എന്നീ ക്രകമത്തില്‍)
ജോ റൂട്ട് – 917 – 19
ഗ്രഹാം കൂച്ച് – 897 – 21
ഇയാന്‍ ബെല്‍ – 718 – 21
അലന്‍ ലാംബ് – 656 – 13
ഗ്രെയം ഹിക് – 20 – 635
അതേസമയം, 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. റൂട്ടിന് പിന്നാലെയെത്തിയവര്‍ക്കൊന്നും ബിഗ് ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കാതെ പോയതോടെയാണ് ഇംഗ്ലണ്ട് 364ല്‍ ഒതുങ്ങിയത്.
ബംഗ്ലാദേശിനായി മഹെദി ഹസന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷോരിഫുള്‍ ഇസ്‌ലാം മൂന്ന് വിക്കറ്റും നേടി. ഷാകിബ് അല്‍ ഹസനും താസ്‌കിന്‍ അഹമ്മദുമാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.
Content highlight: Joe Root becomes England’s leading run scorer in World Cup