ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പര ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കിയാണ് ത്രീ ലയണ്‍സ് ലങ്കന്‍ സിംഹങ്ങളെ തകര്‍ത്തുവിട്ടത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും മികച്ച മാര്‍ജിനില്‍ വിജയിച്ച ഇംഗ്ലണ്ട് മൂന്നാം മത്സരത്തിന് മുമ്പ് തന്നെ പരമ്പരയും സ്വന്തമാക്കിയിരുന്നു.
മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ആധിപത്യം നേടിയത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം 75.00 ശരാശരിയില്‍ 375 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്.
ഈ പ്രകടനത്തിന് പിന്നാലെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തതും റൂട്ടിനെ തന്നെയായിരുന്നു.
ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരം ഏറ്റുവാങ്ങിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും റൂട്ട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങള്‍
(താരം – ടീം – പി.ഒ.ടി.എസ് നേട്ടം എന്നീ ക്രമത്തില്‍)
ജോ റൂട്ട് – ഇംഗ്ലണ്ട് – 4*
ആര്‍. അശ്വിന്‍ – ഇന്ത്യ – 3
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 3
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 3
എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ അശ്വിന്റെ ആധിപത്യത്തെ മറികടക്കാന്‍ റൂട്ടിന് സാധിച്ചിട്ടില്ല. ടെസ്റ്റില്‍ ഇത് ആറാം തവണയാണ് റൂട്ട് പരമ്പരയിലെ താരമാകുന്നത്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം.
എന്നാല്‍ പത്ത് തവണ ഈ നേട്ടം കൈവരിച്ചാണ് അശ്വിന്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഒന്നാം സ്ഥാനക്കാരനെക്കാള്‍ വെറും ഒരു പി.ഒ.ടി.എസ് മാത്രമാണ് അശ്വിന് കുറവുള്ളത്. 61 പരമ്പരയില്‍ നിന്നും 11 തവണ ഈ നേട്ടത്തിലെത്തിയ ഇതിഹാസ താരം മുത്തയ്യ മുരളീധരനാണ് പട്ടികയിലെ ഒന്നാമന്‍.
ഈ പരമ്പരയില്‍ മറ്റ് പല റെക്കോഡുകളും റൂട്ട് തകര്‍ത്തെറിഞ്ഞിരുന്നു.
ഇംഗ്ലണ്ടിനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. തന്റെ മുന്‍ഗാമിയായ അലിസ്റ്റര്‍ കുക്കിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.
ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – മത്സരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
ജോ റൂട്ട് – 146 – 267 – 34*
അലിസ്റ്റര്‍ കുക്ക് – 161 – 291 – 33
കെവിന്‍ പീറ്റേഴ്‌സണ്‍ – 104 – 181 – 23
വാള്‍ട്ടര്‍ ഹാമ്മണ്ട് – 85 – 140 – 22
മൈക്കല്‍ കൗഡ്രേ – 114 – 188 – 22
ഇതിന് പുറമെ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറാനും റൂട്ടിനായി. 146 മത്സരത്തില്‍ നിന്നും 12,402 റണ്‍സാണ് റൂട്ട് നേടിയത്.
വരും മത്സരങ്ങളില്‍ 71 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ അലിസ്റ്റര്‍ കുക്കിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന നേട്ടം സ്വന്തമാക്കാനും ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡിന് സാധിക്കും.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 15,921
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 13,378
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ഐ.സി.സി – 13,289
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ഐ.സി.സി – 13,288
അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 12,472
ജോ റൂട്ട് – ഇംഗ്ലണ്ട് – 12,402*
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 12,400
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ്/ ഐ.സി.സി – 11,953
ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11,867