'നന്നായി കളിക്കുന്ന ഞാനെന്തിന് വിരമിക്കണം'; അടുത്ത ലോകകപ്പും കളിക്കുമെന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരം
ഏകദിന ലോകകപ്പിൽ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ 86 പന്തിൽ 77 റൺസും, ബംഗ്ലാദേശിനെതിരെ 68 പന്തിൽ 82 റൺസും നേടി മികച്ച ഫോമിലാണ് റൂട്ട്. വരും മത്സരങ്ങളിലും ഈ മികച്ച പ്രകടനം റൂട്ട് കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ആരാധകർ.
ഇപ്പോഴിതാ ക്രിക്കറ്റ് ആരാധകരെ മുഴുവൻ ആവേശത്തിലാക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോ റൂട്ട്.
ഏകദിനത്തിൽ നിന്നും അടുത്തൊന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും 2027 ഏകദിന ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് റൂട്ട് പറഞ്ഞത്.
‘ഇനിയും നാല് വർഷം കൂടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ റൂട്ട് പറഞ്ഞതായി ബി.ബി.സി സ്പോർട്സ് റിപ്പോർട്ട് ചെയ്തു.
ബെൻ സ്റ്റോക്‌സ്, മാർക്ക് വുഡ്, ക്രിസ് വോക്‌സ് തുടങ്ങിയ താരങ്ങൾ എല്ലാം ഈ ലോകകപ്പോടെ വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ വീണ്ടും തുടരാനുള്ള റൂട്ടിന്റെ തീരുമാനം ശ്രദ്ധേയമാണ്.
2013ൽ ഏകദിനത്തിൽ അരങ്ങേറിയ റൂട്ട് 164 മത്സരങ്ങളിൽ നിന്നും 6405 റൺസാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 38 അർധ സെഞ്ച്വറികളുമാണ് താരത്തിന്റ പേരിലുള്ളത്. അതുകൊണ്ട് തന്നെ ഇതേ ഫോം റൂട്ടിന് നിലനിർത്താനായാൽ അത് ഇംഗ്ലണ്ടിന് വലിയ മുതൽകൂട്ട് ആയിരിക്കും നൽകുക.
ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെക്കുറിച്ചും റൂട്ട് പറഞ്ഞു.
‘ഈ ലോകകപ്പിൽ എല്ലാ ടീമുകളും വലിയ ഭീഷണികളാണ് ഉയർത്തിയത്. അതിനെ പ്രതിരോധിക്കാൻ ഞങ്ങൾ മുൻ കൂട്ടി തയ്യാറാവാണ്ടതുണ്ട്. പ്രകടനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം ഇങ്ങനെ ആയിരുന്നില്ല ഞങ്ങൾ ലോകകപ്പിന്റ തുടക്കം ആഗ്രഹിച്ചത്. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്,’ റൂട്ട് കൂട്ടിചേർത്തു.
Content Highlight: Joe Root are talk when he retired from odi cricket.