ക്യാപ്റ്റനെ കടത്തിവെട്ടി ജെയ്‌സ്വാള്‍; ഡബിള്‍ ടോപ് ഫൈവുമായി റൂട്ട്; നാലാം ടെസ്റ്റിന് ശേഷം കളിമാറിയതിങ്ങനെ
Sports News
ക്യാപ്റ്റനെ കടത്തിവെട്ടി ജെയ്‌സ്വാള്‍; ഡബിള്‍ ടോപ് ഫൈവുമായി റൂട്ട്; നാലാം ടെസ്റ്റിന് ശേഷം കളിമാറിയതിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th February 2024, 4:25 pm

ഐ.സി.സി ടെസ്റ്റ് റാങ്കില്‍ 12ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ജെയ്‌സ്വാള്‍ റാങ്കിങ്ങില്‍ വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. പരമ്പര തുടങ്ങും മുമ്പ് 69ാം റാങ്കിലുണ്ടായിരുന്ന ജെയ്‌സ്വാള്‍ നാല് മത്സരങ്ങള്‍ക്ക് ശേഷം ആദ്യ 15ലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് ജെയ്‌സ്വാള്‍ 12ാം സ്ഥാനത്തേക്കെത്തിയത്. രോഹിത് ഒരു സ്ഥാനം താഴേക്കിറങ്ങി 13ാം സ്ഥാനത്താണ്. പരമ്പര കളിക്കാതിരുന്ന വിരാട് കോഹ്‌ലി രണ്ട് സ്ഥാനം താഴേക്കിറങ്ങിയിട്ടുണ്ട്. നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തും ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനുമാണ് വിരാട്.

 

(ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയവരില്‍ പ്രധാനി. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന റൂട്ട് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനം മുകളിലെത്തി നാലാം റാങ്കിലാണുള്ളത്.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയിലും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും ആദ്യ അഞ്ചില്‍ ഉള്ള ഏക താരമാണ് റൂട്ട്.

അതേസമയം, ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജ ഒന്നാം സ്ഥാനവും അശ്വിന്‍ രണ്ടാം സ്ഥാനവും ഷാകിബ് അല്‍ ഹസന്‍ മൂന്നാം സ്ഥാനവും നിലനിര്‍ത്തി.

ഇന്ത്യന്‍ സൂപ്പര്‍ താരം അക്‌സര്‍ പട്ടേല്‍ ഒരു റാങ്ക് താഴേക്ക് വീണ് അഞ്ചാമതാണ്.

(ഐ.സി.സി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനവും മാറ്റമില്ലാതെ തുടരുകയാണ്. ബുംറയാണ് ഒന്നാം സ്ഥാനത്ത്. അശ്വിന്‍ രണ്ടാമതാണ്.

 

റാങ്കിങ്ങില്‍ ന്യൂസിലാന്‍ഡ് താരം കൈല്‍ ജമൈയ്‌സണ്‍ ഒരു റാങ്ക് മെച്ചപ്പെടുത്തി ഒമ്പതാം റാങ്കിലെത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് സ്ഥാനം താഴേക്ക് വീണ് പത്താമതാണ്.

(ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

 

 

Content highlight: Joe Root and Yashasvi Jaiswal made progress in ICC Test Ranking