| Thursday, 5th October 2023, 5:02 pm

ചരിത്രത്തില്‍ ഒന്നാമന്‍, രണ്ടാമന്‍, നാലാമന്‍; ഒന്നല്ല, രണ്ടല്ല റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച് റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിന്റെ 13ാം എഡിഷന് ആവേശത്തോടെ തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് റണ്ണേഴ്‌സ് അപ്പായ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കിവികള്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുക്കുന്നത്. ഇംഗ്ലണ്ടിനായി സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ച്വറിയാണ് റൂട്ടിന്റെ ബാറ്റിലൂടെ പിറവിയെടുത്തത്.

റൂട്ടിന്റെ ഈ മികച്ച ഇന്നിങ്‌സിന് പിന്നാലെ പല റെക്കോഡുകളും ഫ്യൂച്ചര്‍ ലെജന്‍ഡിനെ തേടിയെത്തിയിരുന്നു.

ഏകദിന ഫോര്‍മാറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇംഗ്ലണ്ട് താരം എന്ന റെക്കോഡാണ് ഇതില്‍ ആദ്യം. ഈ മത്സരത്തില്‍ 29 റണ്‍സ് മാത്രമായിരുന്നു ഈ റെക്കോഡിനായി റൂട്ട് നേടേണ്ടിയിരുന്നത്.

ഏകദിന ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച രണ്ടാമത് റണ്‍ വേടക്കാരനാണ് റൂട്ട്. ഈ മത്സരത്തിന് മുമ്പ് 16 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും അടക്കം 48.79 എന്ന ശരാശരിയില്‍ 6,246 റണ്‍സാണ് റൂട്ട് നേടിയത്.

ഏകദിനത്തില്‍ 500 ബൗണ്ടറികള്‍ നേടുന്ന താരം എന്ന റെക്കോഡാണ് അടുത്തത്. ഈ മത്സരത്തില്‍ ഒറ്റ ഫോറടിച്ചെങ്കില്‍ തന്നെ ഈ റെക്കോഡ് സ്വന്തമാക്കാമെന്നിരിക്കെ ഇതിനോടകം നാല് ബൗണ്ടറിയാണ് താരം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത് ഇംഗ്ലീഷ് ബാറ്ററാണ് റൂട്ട്. ഇതിന് മുമ്പ് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ (588), മാര്‍കസ് ട്രസ്‌കോതിക് (528), ഇയാന്‍ ബെല്‍ (525) എന്നിവരാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ 500 ബൗണ്ടറി തികച്ച ഇംഗ്ലീഷ് താരങ്ങള്‍.

ലോകകപ്പില്‍ 800 റണ്‍സ് തികച്ച രണ്ടാമത് ഇംഗ്ലീഷ് ബാറ്റര്‍ എന്ന റെക്കോഡാണ് റൂട്ട് അടുത്തതായി സ്വന്തമാക്കിയത്. ഈ മത്സരത്തിന് മുമ്പ് ലോകകപ്പുകളില്‍ 54.14 ശരാശരിയില്‍ 758 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ 42 റണ്‍സ് നേടിയാല്‍ തന്നെ റൂട്ടിന് ഈ റെക്കോഡും സ്വന്തമാകുമായിരുന്നു.

ഇതിന് പുറമെ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റര്‍ എന്ന റെക്കോഡും തന്റെ പേരിലെഴുതിച്ചേര്‍ക്കാന്‍ റൂട്ടിന് സാധിച്ചേക്കും. 897 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചാണ് ലോകകപ്പുകളില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഏഷ്യന്‍ മണ്ണില്‍ 1,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാനും ഈ മത്സരത്തിലൂടെ റൂട്ടിന് സാധിച്ചു. ഈ മത്സരത്തിന് മുമ്പ് 953 റണ്‍സായിരുന്നു റൂട്ടിനുണ്ടായിരുന്നത്. വെറും 47 റണ്‍സ് കൂടി നേടിയാല്‍ റൂട്ടിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.

ഇതിന് പുറമെ ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സൗരവ് ഗാംഗുലിയെ മറികടക്കാനും റൂട്ടിന് സാധിച്ചു. ഈ മത്സരത്തിന് മുമ്പ് 18,555 അന്താരാഷ്ട്ര റണ്‍സാണ് റൂട്ടിനുണ്ടായിരുന്നത്. ഏകദിനത്തില്‍ 6,246 റണ്‍സും ടെസ്റ്റ് ഫോര്‍മാറ്റില്‍ 11.416 റണ്‍സും നേടിയ റൂട്ട് ടി-20യില്‍ 893 റണ്‍സും നേടിയിട്ടുണ്ട്.

തന്റെ അന്താരാഷ്ട്ര കരിയറില്‍ 18,575 റണ്‍സ് നേടിയ ഇന്ത്യന്‍ ലെജന്‍ഡ് സൗരവ് ഗാംഗുലിയെ മറികടക്കാന്‍ റൂട്ടിന് ഈ മത്സരത്തില്‍ 21 റണ്‍സ് മാത്രം നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഗാംഗുലിയെയും റൂട്ട് മറികടന്നു.

അതേസമയം, 38 ഓവര്‍ പിന്നിടുമ്പോള്‍ 77 പന്തില്‍ 72 റണ്‍സുമായി റൂട്ട് ബാറ്റിങ് തുടരുകയാണ്. 17 പന്തില്‍ 20 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണാണ് മറുവശത്ത് നില്‍ക്കുന്നത്. 38 ഓവറില്‍ 221 റണ്‍സിന് അഞ്ച് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്.

Content highlight: Joe Root achieves several records in the first match

Latest Stories

We use cookies to give you the best possible experience. Learn more