| Thursday, 30th March 2023, 3:42 pm

സഞ്ജുവിനെ കുറിച്ച് ആ ഇതിഹാസ താരം പറഞ്ഞത് കേട്ടോ? ഇതുകൊണ്ടാണ് അവനും രാജസ്ഥാനും സ്‌പെഷ്യലാകുന്നത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ല്‍ നിന്നും ഐ.പി.എല്‍ 2023ലേക്കെത്തിനില്‍ക്കുമ്പോള്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് അല്‍പം പ്രത്യേകതകള്‍ ഏറെയാണ്. നിലവിലെ ടി-20 ലോകചാമ്പ്യന്‍മാരുടെ ക്യാപ്റ്റനായ ജോസ് ബട്‌ലറിന്റെയും മോഡേണ്‍ ഡേ ടെസ്റ്റിലെ ദി ഗ്രേറ്റസ്റ്റ് എന്ന് വിശേഷിപ്പിക്കാന്‍ പോന്ന ജോ റൂട്ടിന്റെയും ക്യാപ്റ്റനാണ് സഞ്ജുവിപ്പോള്‍. ഒരേസമയം ക്യാപ്റ്റന്റെ റോള്‍ സഞ്ജുവിന് എളുപ്പമാകുന്നതും കടുപ്പമേറിയതാകുന്നതും ഇവിടെയാണ്.

എന്നാല്‍ ചാമ്പ്യന്‍ ക്രിക്കറ്റര്‍മാരടങ്ങുന്ന സംഘത്തെ നയിക്കാന്‍ പോന്നവനാണ് താനെന്ന് സഞ്ജു ഇതിനോടകം തന്നെ തെളിയിച്ചതുമാണ്. ഇതിഹാസ താരം ജോ റൂട്ടും ഇതേ അഭിപ്രായക്കാരന്‍ തന്നെയാണ്.

ഐ.പി.എല്ലിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ ജോ റൂട്ട് ഉണ്ടായിരുന്നില്ല. താരത്തിന്റെ കന്നി ഐ.പി.എല്‍ സീസണാണിത്. ഒരുപക്ഷേ അണ്‍സോള്‍ഡായേക്കാവുന്ന താരത്തെ ടീമിലെത്തിച്ചാണ് റോയല്‍സ് ഇത്തവണത്തെ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത് ഉയര്‍ത്തിയത്. ഇതോടെ ഫാബ് ഫോറിലെ നാല് താരങ്ങളും കളിച്ച ഏക ടൂര്‍ണമെന്റ് എന്ന നേട്ടവും ഐ.പി.എല്ലിന് സ്വന്തമായി.

ഇപ്പോള്‍ സഞ്ജുവിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് റൂട്ട്.

‘കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് ടീം നടത്തിയിട്ടുള്ളത്. സഞ്ജുവിന്റെ കളികള്‍ ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. ഒരു താരമെന്ന നിലയിലും ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും അവന്‍ ഓരോ വര്‍ഷവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്,’ റൂട്ട് പറഞ്ഞു.

രാജസ്ഥാന്‍ ക്യാമ്പില്‍ തനിക്ക് ലഭിച്ച സ്വീകരണത്തെ കുറിച്ചും ടീമിന്റെ അറ്റ്‌മോസ്ഫിയറിനെ കുറിച്ചും റൂട്ട് സംസാരിച്ചു.

‘ഇതൊരു കുടുംബത്തെ പോലെയാണ്. കളിക്കളത്തിലെ പ്രകടനത്തേക്കാളുപരി ആ ഒരു ഫീല്‍ കൊണ്ടുവരാനാണ് എല്ലാവരും ശ്രമിക്കുന്നത്. ആദ്യ നിമിഷം മുതല്‍ എല്ലാവരും ഊഷ്മളമായി സ്വാഗതം ചെയ്തു. എന്നെ ലേലത്തില്‍ അവരുടെ ഭാഗമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു.

കുറച്ച് ദിവസമായി ഞാന്‍ ഇവിടെ തന്നെയുണ്ട്. ഇപ്പോള്‍ തന്നെ എല്ലാത്തിന്റെയും ഭാഗമാണെന്ന് തോന്നുന്നു. വളരെ മികച്ച അന്തരീക്ഷമാണെന്ന് എനിക്ക് തോന്നുന്നു. ഇവര്‍ എന്നെ മികച്ച രീതിയില്‍ സഹായിക്കുന്നു, ഗ്രൗണ്ടില്‍ മികവ് പുലര്‍ത്താന്‍ അത് എന്നെ പ്രാപ്തനാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ റൂട്ട് കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ ടീമിന്റെ മികച്ച പ്ലെയിങ് ഇലവന്‍ കോമ്പിനേഷനില്‍ റൂട്ട് ഇല്ലെങ്കിലും താരത്തിന് ഈ സീസണില്‍ രാജസ്ഥാന്‍ അവസരം നല്‍കുമെന്നുറപ്പാണ്. ഇതിന് മുമ്പ് ഐ.പി.എല്ലിന്റെ കൗണ്ടര്‍പാര്‍ട്ടായ ഐ.എല്‍. ടി-20യില്‍ റൂട്ടിന്റെ പ്രകടനം ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു.

ടി-20 ഫോര്‍മാറ്റിന് പറ്റിയവനല്ല എന്ന വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിയാണ് താരം ദുബായ് ക്യാപ്പിറ്റല്‍സിനായി റണ്ണടിച്ചുകൂട്ടിയത്. ആ മികവ് ഐ.പി.എല്ലിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Joe Root about Sanju Samson and Rajasthan Royals

We use cookies to give you the best possible experience. Learn more