യാതൊരു സംശയവുമില്ല തൃക്കാക്കരയില്‍ എല്‍.ഡി.എഫ് വമ്പിച്ച വിജയം നേടും: ജോ ജോസഫ്
Kerala News
യാതൊരു സംശയവുമില്ല തൃക്കാക്കരയില്‍ എല്‍.ഡി.എഫ് വമ്പിച്ച വിജയം നേടും: ജോ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2022, 8:31 am

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം ആത്മവിശ്വാസമാണ് ഉള്ളതെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്.

വളരെ ചിട്ടയായ പ്രവര്‍ത്തങ്ങളാണ് ഇത്തവണ നടന്നത്. അതുകൊണ്ട് തന്നെ എല്‍.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും ജോ ജോസഫ് പറഞ്ഞു.

പടമുകള്‍ സ്‌കൂളിലെ 140ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നൂറ് ശതമാനത്തോളം ആന്മവിശ്വാസത്തോടെയാണ് വോട്ട് ചെയ്യാനെത്തിയത്. പോളിങ് ശതമാനം ഉയരുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും.

എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയാവുന്നവരാണ് തൃക്കാക്കരക്കാര്‍.

കേരളത്തില്‍ നടക്കുന്ന വികസനകുതിപ്പിനൊപ്പം പോകാന്‍ തൃക്കാക്കരയ്ക്കും ആകണം എന്നവര്‍ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ്.

യാതൊരു സംശയവുമില്ല ഇത്തവണ തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സെഞ്ച്വറി വിജയം നേടും,’ ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശുഭ പ്രതീക്ഷയെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ പ്രതികരണം.

എന്നത്തേയുംപോലെ എന്റെ പി.ടിയുടെ അടുത്ത് പോയാണ് ആദ്യം പ്രാര്‍ഥിച്ചത്. പി.ടി. തോമസിന് വേണ്ടി കൂടിയാണ് ഞാന്‍ മത്സര രംഗത്തിറങ്ങിയത്. മണ്ഡലത്തില്‍ എനിക്ക് വേണ്ടി കൂടെ പ്രവര്‍ത്തിച്ചവരാണ് എന്റെ ശക്തിയും ഊര്‍ജവും. പോളിങ് ദിവസം മഴ മാറി നില്‍ക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു.

അതേസമയം രാവിലെ കൃത്യം 7 മണിയ്ക്ക് തന്നെ തൃക്കാക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 6 മണിമുതല്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

239 ബൂത്തുകളിലാണ് പോളിങ് നടക്കുന്നത്. 1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധി നിര്‍ണയിക്കുക. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്.

മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ, പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം. കള്ളവോട്ട് തടയാന്‍ ശക്തമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

മണ്ഡലമിളക്കിമറിച്ചുള്ള പ്രചാരണം വഴി പോളിങ് 75 ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. മഴ വില്ലനായാല്‍ പോലും വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ ഒരുക്കിയുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്.

എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും.

ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താന്‍ എല്‍.ഡി.എഫും.

ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എന്‍.ഡി.എയും നിലകൊള്ളുകയാണ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

Content Highlights: Joe Joseph says no doubt that the LDF will win In Thrikkakara