കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. മനസുകുളിര്‍പ്പിച്ച വിപ്ലവാഭിവാദ്യം എന്ന തലക്കെട്ടിലാണ് ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
തന്നെ തിരിച്ചറിഞ്ഞ ഐ.സി.യുവിലെ ഒരു രോഗി കൈ ഉയര്‍ത്തി, മുഷ്ടി ചുരുട്ടി, ലാല്‍സലാം എന്ന് അഭിവാദ്യം ചെയ്തുവെന്ന് ജോ ജോസഫ് കുറിപ്പില്‍ പറഞ്ഞു.
ജോ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രവീന്ദ്രനെ ഞാന്‍ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഏകദേശം എട്ട് വര്‍ഷമായി എന്റെ പരിചരണത്തിലുള്ള രോഗിയാണ് അദ്ദേഹം. രോഗിയെന്നതിലപ്പുറം വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന സുഹൃത്ത്. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞതാണെങ്കിലും ഹൃദ്രോഗസംബന്ധമായ അസ്വസ്ഥതകള്‍ അദ്ദേഹത്തെ ഇടക്കിടെ അലട്ടിയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും നിരാശനായോ
ദുഃഖിതനായോ കണ്ടിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് വീണ്ടും അദ്ദേഹം കടുത്ത ശ്വാസംമുട്ടല്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം മൂര്‍ച്ഛിച്ചിരുന്നതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ദിവസങ്ങളോളം നില ഗുരുതരമായി തുടര്‍ന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ മോശമായ അവസ്ഥ, അതിന് പുറമേ ഹൃദയമിടിപ്പിലെ താളപ്പിഴകള്‍, കുറയുന്ന രക്തസമ്മര്‍ദം എന്നിങ്ങനെ ഒരു ഞാണിന്മേല്‍ കളിയായിരുന്നു പിന്നീട് ദിവസങ്ങളോളം. വെന്റിലേറ്ററില്‍ ആയതുകൊണ്ട് മയക്കം കൊടുത്തിരുന്നു. എങ്കിലും പതിയെ പതിയെ നില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ പറ്റുന്ന അവസ്ഥയിലെത്തി. അങ്ങനെ കഴിഞ്ഞ തിങ്കളാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റി. എങ്കിലും മയക്കം പൂര്‍ണമായി വിട്ടുമാറിയിരുന്നില്ല. ദേഹത്ത് തട്ടി വിളിച്ചാല്‍ കണ്ണുകള്‍ പതിയെ തുറക്കുമെന്ന് മാത്രം. മയക്കം പൂര്‍ണമായി മാറിയില്ലെങ്കില്‍ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമോ എന്നുപോലും ഭയന്നു.
പ്രതീക്ഷിച്ച രീതിയില്‍ അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നില്ല എന്ന തോന്നല്‍ എനിക്കും വന്നു തുടങ്ങി. അതുകൊണ്ടുതന്നെ ദിവസവും പല പ്രാവശ്യം ഐ.സി.യുവില്‍ പോയി നോക്കി. അന്ന് വൈകുന്നേരമായപ്പോള്‍ മുഖം അല്‍പം കൂടി പ്രസന്നമായി തോന്നി. ഞാന്‍ വിളിച്ചു ‘രവീന്ദ്രന്‍, ഡോക്ടര്‍ ജോയാണ്. എന്തുണ്ട് വിശേഷങ്ങള്‍’
അദ്ദേഹം വലതുകൈ അല്‍പ്പം ഉയര്‍ത്തി, മുഷ്ടി ചുരുട്ടി,ചുണ്ടുകള്‍ പതുക്കെ അനക്കി പറഞ്ഞു – ‘ലാല്‍സലാം സഖാവേ’
ഐ.സി.യുവില്‍ വെച്ച് മുഷ്ടിചുരുട്ടി ഞാനും പ്രത്യഭിവാദ്യം ചെയ്തു.
അതിനുശേഷം പറഞ്ഞു. ‘കുറച്ചു ദിവസം കൂടി പൊരുതുക സഖാവേ.’
(സ്വകാര്യത മാനിച്ചുകൊണ്ടു സഖാവിന്റെ പേര് മാറ്റിയിട്ടുണ്ട്)
Content Highlights: Joe Joseph’s Facebook post is getting attention write about his pertinent