Sports News
അവന്‍ മെസിയെ പോലെ, ആര്‍ക്കും തടയാനാകില്ല; ഒന്നല്ല, രണ്ട് സൂപ്പര്‍ താരങ്ങളെ മെസിക്കൊപ്പം ചേര്‍ത്ത് സൂപ്പര്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 10, 09:56 am
Sunday, 10th September 2023, 3:26 pm

 

ആഴ്‌സണലിന്റെ യുവതാരം ബുക്കായോ സാക്കയെയും ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയെയും ലയണല്‍ മെസിയോട് ഉപമിച്ച് മുന്‍ ചെല്‍സി താരവും പരിശീലകനുമായ ജോ കോള്‍. കളിക്കളത്തില്‍ മൂന്ന് താരങ്ങള്‍ക്കുമുള്ള സമാനമായ പ്രത്യേകതകളെ ഉയര്‍ത്തിക്കാണിച്ചാണ് കോള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മൂന്ന് മുന്നേറ്റ താരങ്ങളും ലോകത്തെ ഏറ്റവും മികച്ച ലെഫ്റ്റ് ഫൂട്ട് താരങ്ങളാണ്. കളിക്കളത്തില്‍ മൂവരുടെയും പ്രകടനങ്ങളും സാമ്യതയുള്ളതാണ്.

യുവേഫ യൂറോ ക്വാളിഫയേഴ്‌സില്‍ കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് – ഉക്രെയന്‍ മത്സരത്തിന് ശേഷമായിരുന്നു കോള്‍ സാക്കയെ പുകഴ്ത്തി രംഗത്തുവന്നത്. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.

 

 

മത്സരത്തിന് ശേഷം ചാനല്‍ ഫോറിനോടായിരുന്നു കോണ്‍ ഇക്കാര്യം പറഞ്ഞത്.

‘നിങ്ങള്‍ക്ക് സാക്കയെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ല. കാരണം ലയണല്‍ മെസിയുടേത് പോലുള്ള കഴിവുകളാണ് അവനുള്ളത്. ഒരു ഡിഫന്‍ഡര്‍ക്ക് വേണമെങ്കില്‍ അവനെ സ്റ്റോപ് ചെയ്യാന്‍ സാധിച്ചേക്കും, എന്നാല്‍ വളരെ പെട്ടെന്ന് തന്നെ പന്ത് നിയന്ത്രണത്തിലാക്കാനും അതിലും വേഗത്തില്‍ മുന്നോട്ട് പോകാനും അവന് സാധിക്കും. വളരെ ചുരുക്കം താരങ്ങള്‍ക്ക് മാത്രമേ ഈ കഴിവുള്ളൂ. മോ സലക്ക് അത് ലഭിച്ചിട്ടുണ്ട്. ലയണല്‍ മെസിക്ക് ആ കഴിവുണ്ട്. ബുക്കായോ സാക്കയ്ക്കും,’ കോള്‍ പറഞ്ഞു.

 

നിലവിലെ ഏറ്റവും മികച്ച അറ്റാക്കര്‍മാരില്‍ ഒരാളാണ് ബുക്കായോ സാക്ക. ആഴ്‌സണലിനായി 2023-24 സീസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. നാല് മത്സരത്തില്‍ നിന്നും ഇതിനോടകം തന്നെ രണ്ട് ഗോളും രണ്ട് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

മുഹമ്മദ് സലയാകട്ടെ ലിവര്‍പൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് തന്റെ പേര് ആന്‍ഫീല്‍ഡിന്റെ ഹൃദയത്തില്‍ കുറിച്ചിട്ടത്.

അതേസമയം, പുതിയ സീസണില്‍ ലിവര്‍പൂളും ആഴ്‌സണലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമാണ് ഇരുടീമുകള്‍ക്കുമുള്ളത്. പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തുമാണ്. ഗോള്‍ വ്യത്യാസം കണക്കിലെടുത്താണിത്.

സെപ്റ്റംബര്‍ 16ന് വൂള്‍ഫ്‌സിനെതിരെ അവരുടെ തട്ടകത്തിലാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

സെപ്റ്റംബര്‍ 17നാണ് ആഴ്‌സണല്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. ഗൂഡിസണ്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ എവര്‍ട്ടണാണ് ഗണ്ണേഴ്‌സിന്റെ എതിരാളികള്‍. സീസണിലെ ആദ്യത്തെ ലിവര്‍പൂള്‍ നാട്ടങ്കത്തിന് കൂടിയാണ് സെപ്റ്റംബര്‍ 17ന് ഗൂഡിസണ്‍ പാര്‍ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.

 

Content Highlight: Joe Cole about Bukayo Saka and Mohamed Salah