ഫലസ്തീനുള്ള സഹായവും നയതന്ത്രബന്ധവും പുനസ്ഥാപിക്കും; അധിനിവേശവും ഏകപക്ഷീയ നടപടികളും ഇസ്രാഈല്‍ ഒഴിവാക്കണം; ട്രംപിനെ തിരുത്തി ബൈഡന്‍
World News
ഫലസ്തീനുള്ള സഹായവും നയതന്ത്രബന്ധവും പുനസ്ഥാപിക്കും; അധിനിവേശവും ഏകപക്ഷീയ നടപടികളും ഇസ്രാഈല്‍ ഒഴിവാക്കണം; ട്രംപിനെ തിരുത്തി ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2021, 8:45 am

വാഷിംഗ്ടണ്‍: ഇസ്രാഈല്‍-ഫലസ്തീന്‍ തര്‍ക്കങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളെ തിരുത്തി പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രാഈല്‍, ഫലസ്തീന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ സ്ഥാപിച്ചുകൊണ്ട് വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം കാണുക എന്ന നിര്‍ദേശത്തെ ബൈഡന്‍ സര്‍ക്കാര്‍ പിന്തുണക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യു.എസ് പ്രതിനിധി സെക്യൂരിറ്റി കൗണ്‍സിലിനോട് വ്യക്തമാക്കി.

1967ല്‍ യുദ്ധത്തിലൂടെ ഇസ്രാഈല്‍ പിടിച്ചെടുത്ത ഭാഗങ്ങളും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും അടങ്ങുന്ന ഭൂഭാഗങ്ങളെയെല്ലാം ചേര്‍ത്ത് രാജ്യമായി പ്രഖ്യാപിക്കണമെന്നതാണ് ഫലസ്തീന്റെ ആവശ്യം. കിഴക്കന്‍ ജെറുസലേം ഫലസ്തീന്റെ തലസ്ഥാനമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഫലസ്തീന്റെ ഈ ആവശ്യത്തെ അവഗണിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ സമാധാന കരാര്‍.

1967ല്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ തങ്ങളുടേതായി അംഗീകരിക്കണമെന്നും ജെറുസലേമിനെ തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നുമുള്ള ഇസ്രാഈലിന്റെ ആവശ്യത്തെ പരിഗണിച്ചു കൊണ്ടു മാത്രമുള്ള സമാധാന കരാറിനായിരുന്നു ട്രംപ് പിന്തുണ പ്രഖ്യാപിച്ചത്. ഫലസ്തീനുമായി ചര്‍ച്ച പോലും നടത്താതെ തയ്യാറാക്കി നടപ്പിലാക്കാന്‍ ശ്രമിച്ച ഈ കരാര്‍ വലിയ പരാജയമായിരുന്നു. ഇതിന് പിന്നാലെ തര്‍ക്ക പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികളും ഇസ്രാഈലും ആരംഭിച്ചിരുന്നു.

ഇപ്പോള്‍ ട്രംപിന്റെ ഈ നിലപാടുകളെയെല്ലാം പുറന്തള്ളി കൊണ്ടാണ് യു.എസ് രംഗത്തെത്തിയിരിക്കുന്നത്. ‘ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിനോടും ഫലസ്തീനോടും ആവശ്യപ്പെടും. രണ്ട് രാജ്യങ്ങളെന്ന പരിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഭൂഭാഗങ്ങള്‍ പിടിച്ചെടുത്ത് രാജ്യത്തിന്റെ ഭാഗമാക്കല്‍, പാര്‍പ്പിടങ്ങള്‍ പണിയല്‍, ആക്രമണത്തിന് പ്രേരിപ്പിക്കല്‍, വസ്തുവകകള്‍ തകര്‍ക്കല്‍, തടവിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ തുടങ്ങിയ നടപടികളില്‍ നിന്നെല്ലാം മാറിനില്‍ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെടും.’ ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സ് പറഞ്ഞു.

പതുക്കെയാണെങ്കിലും ഫലസ്തീന്‍-ഇസ്രാഈല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി ഇരു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിച്ചാര്‍ഡ് മില്‍സ് കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനിനുള്ള ധനസഹായങ്ങളും നയതന്ത്ര ബന്ധവും പുനസ്ഥാപിക്കാന്‍ ബൈഡന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫലസ്തീനിയില്‍ അഭയാര്‍ത്ഥികള്‍ക്കാവശ്യമായ സഹായങ്ങല്‍ നല്‍കിയിരുന്ന യു.എന്‍ ഏജന്‍സിക്കുള്ള 360 മില്യണ്‍ ഡോളര്‍ ട്രംപ് നിര്‍ത്തലാക്കിയിരുന്നു.

ബൈഡന്‍ സ്വീകരിക്കാനൊരുങ്ങുന്ന ഈ നടപടികള്‍ ഫലസ്തീന്‍ നേതൃത്വത്തിനെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും റിച്ചാര്‍ഡ് മില്‍സ് കൂട്ടിച്ചേര്‍ത്തു. ‘സാധാരണക്കാരായ ഫലസ്തീന്‍ പൗരന്മാരെ സഹായിക്കാനും ഫലസ്തീനും ഇസ്രാഈലിനും ഒരുപോലെ സ്വസ്ഥമായുള്ള അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്.’ അദ്ദേഹം പറഞ്ഞു.

അതേസമയം നേരത്തെ പോലെ തന്നെ ഇസ്രാഈലിനെ പിന്തുണക്കുന്നുവെന്നും ഐക്യരാഷ്ട്ര സംഘടനയിലോ മറ്റു അന്താരാഷ്ട്ര സംഘടനകളിലോ ഇസ്രാഈലിനെതിരെ പക്ഷപാതപരമായ തീരുമാനങ്ങളുണ്ടാകുന്നതിനെതിരെ നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഇസ്രാഈലും അറബ് രാജ്യങ്ങളുമായുള്ള നോര്‍മലൈസേഷന്‍ കരാറിന് പിന്തുണക്കുന്നുവെങ്കിലും അത് ഇസ്രാഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള പരിഹാരമാകുന്നില്ലെന്നും റിച്ചാര്‍ഡ് മില്‍സ് വ്യക്തമാക്കി.

ട്രംപിന് സമാനമായി ഇസ്രാഈല്‍ അനുകൂലമായ നിലപാടുകള്‍ മാത്രമായിരിക്കും ബൈഡനും സ്വീകരിക്കുക എന്ന നിലയില്‍ നേരത്തെ പ്രസ്താവനകള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫലസ്തീനെ പിന്തുണക്കുന്ന നിലപാടുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden to restart aid and diplomatic mission with Palestine, supports two state policy in middle east