ജോര്‍ദാനിലെ യു.എസ് സൈനികരുടെ മരണം; ഡ്രോണാക്രമണം നടത്തിയവര്‍ക്കെതിരെ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ജോ ബൈഡന്‍
World News
ജോര്‍ദാനിലെ യു.എസ് സൈനികരുടെ മരണം; ഡ്രോണാക്രമണം നടത്തിയവര്‍ക്കെതിരെ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 10:00 am

വാഷിങ്ടണ്‍: ജോര്‍ദാനില്‍ യു.എസ് സൈനികരെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വ്യാഴാഴ്ച ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയില്‍ നടന്ന ഡ്രോണാക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ 25 യു.എസ് സൈനികര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തിയിലെ സൈനിക സെറ്റില്‍മെന്റുകളിലേക്ക് ആളില്ലാത്ത ഡ്രോണുകള്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തില്‍ യു.എസ് സേനക്ക് കനത്ത നാശനഷ്ടം ഉണ്ടായതായും മരണനിരക്ക് ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം നടത്തിയവര്‍ കടുത്ത മറുപടി പ്രതീക്ഷിക്കണമെന്ന് ജോ ബൈഡന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതര്‍ അടക്കമുള്ള സായുധ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും ബൈഡന്‍ പറഞ്ഞു. ഹൂത്തി വിമതര്‍ക്കെതിരെ തിരിച്ചടി നടത്താനായിരിക്കും നിലവില്‍ യു.എസ് സേന ശ്രമിക്കുക എന്നാണ് വിലയിരുത്തല്‍.

ഇറാഖിലെയും സിറിയയിലെയും അതിര്‍ത്തിയിലുള്ള യു.എസ് സൈനികര്‍ക്കെതിരെ 97 തവണയാണ് ഹൂത്തികള്‍ ആക്രമണം നടത്തിയിട്ടുള്ളത്. ഈ ആക്രമണങ്ങളില്‍ അമേരിക്കന്‍ സേനയില്‍ ഇതുവരെ ജീവന്‍ നഷ്ടം ഉണ്ടായിട്ടില്ല. എന്നാല്‍ നിലവിലെ ഡ്രോണാക്രമണം യു.എസിന് വലിയ തിരിച്ചടിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ആക്രമണം നടന്നത് ജോര്‍ദാന്‍ ഭൂമിയിലല്ലെന്നും പകരം സിറിയയിലെ അല്‍-തന്‍ഫ് താവളത്തിലാണ് ആക്രമണം ഉണ്ടായതെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഗസയില്‍ ഇസ്രഈലി ഭരണകൂടം നടത്തുന്ന യുദ്ധം ജോര്‍ദാനില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതിര്‍ത്തിയിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ കഴിഞ്ഞ വര്‍ഷം അവസാനം അമ്മാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Joe Biden that there will be a heavy backlash against those who carried out the drone attack