| Tuesday, 26th October 2021, 1:32 pm

പുതിയ രാജ്യാന്തരയാത്രാ വാക്‌സിന്‍ പോളിസി നടപ്പാക്കാനൊരുങ്ങി ബൈഡന്‍; ഇന്ത്യക്കാര്‍ക്കടക്കമുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ നയത്തില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും തീരുമാനമായി.

നവംബര്‍ 8 മുതലായിരിക്കും പുതിയ വാക്സിനേഷനില്‍ അധിഷ്ടിതമായ നയം നിലവില്‍ വരികയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

”മുന്‍പ് കൊവിഡ് മഹാമാരിയുടെ സമയത്ത് ഓരോരോ രാജ്യങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നും വാക്‌സിനേഷനില്‍ കേന്ദ്രീകരിച്ചുള്ള പുതിയ വിമാന യാത്രാ പോളിസി നടപ്പില്‍ വരുത്തണമെന്നുമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആവശ്യം. അമേരിക്കയിലേക്കുള്ള രാജ്യാന്തര യാത്രകളുടെ സുരക്ഷയ്ക്ക് അതാണ് വേണ്ടത്,” ജോ ബൈഡന്‍ ഒപ്പുവെച്ച പുതിയ ഉത്തരവില്‍ പറയുന്നു.

2020ന്റെ ആരംഭത്തിലായിരുന്നു കൊവിഡിനെ ചെറുക്കാന്‍ അമേരിക്ക ശക്തമായ യാത്രാനിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്. 14 ദിവസത്തിനിടെ ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഇന്ത്യ, ഇറാന്‍, ചൈന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെവിടെയെങ്കിലും പോയിട്ടുള്ള അമേരിക്കക്കാരല്ലാത്ത പൗരന്മാര്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തുകയായിരുന്നു ചെയ്തത്.

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും മറ്റ് ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍ക്കും പുതിയ വാക്‌സിന്‍ നയത്തില്‍ ഇളവുണ്ടാവുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ദേശീയ വാക്‌സിനേഷന്‍ നിരക്ക് 10 ശതമാനത്തില്‍ താഴെയുള്ള 50ഓളം രാജ്യങ്ങളില്‍ നിന്നുള്ള, ടൂറിസ്റ്റുകളല്ലാത്ത യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇളവ് ലഭിക്കുന്നവര്‍ 60 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ തുടരുകയാണെങ്കില്‍ വാക്‌സിന്‍ എടുക്കണമെന്നാണ് നിബന്ധന.

നവംബര്‍ ആദ്യവാരത്തോടെ 33 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വിമാനയാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് സെപ്റ്റംബര്‍ 20ന് തന്നെ വൈറ്റ്ഹൗസ് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Joe Biden signs new international travel rules based on vaccination

Latest Stories

We use cookies to give you the best possible experience. Learn more