വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച പുതിയ നയത്തില്‍ ഒപ്പുവെച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും തീരുമാനമായി.
നവംബര്‍ 8 മുതലായിരിക്കും പുതിയ വാക്സിനേഷനില്‍ അധിഷ്ടിതമായ നയം നിലവില്‍ വരികയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
”മുന്‍പ് കൊവിഡ് മഹാമാരിയുടെ സമയത്ത് ഓരോരോ രാജ്യങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്നും വാക്‌സിനേഷനില്‍ കേന്ദ്രീകരിച്ചുള്ള പുതിയ വിമാന യാത്രാ പോളിസി നടപ്പില്‍ വരുത്തണമെന്നുമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആവശ്യം. അമേരിക്കയിലേക്കുള്ള രാജ്യാന്തര യാത്രകളുടെ സുരക്ഷയ്ക്ക് അതാണ് വേണ്ടത്,” ജോ ബൈഡന്‍ ഒപ്പുവെച്ച പുതിയ ഉത്തരവില്‍ പറയുന്നു.
2020ന്റെ ആരംഭത്തിലായിരുന്നു കൊവിഡിനെ ചെറുക്കാന്‍ അമേരിക്ക ശക്തമായ യാത്രാനിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്. 14 ദിവസത്തിനിടെ ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഇന്ത്യ, ഇറാന്‍, ചൈന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെവിടെയെങ്കിലും പോയിട്ടുള്ള അമേരിക്കക്കാരല്ലാത്ത പൗരന്മാര്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തുകയായിരുന്നു ചെയ്തത്.