'ഞങ്ങളുടെ ജോലി ആരംഭിക്കുന്നത് കൊവിഡിനെതിരെ പോരാടിക്കൊണ്ടാണ്'; ശാസ്ത്രജ്ഞരുടെ സംഘത്തെ വിളിച്ചു ചേര്‍ക്കാന്‍ ബൈഡന്‍
international
'ഞങ്ങളുടെ ജോലി ആരംഭിക്കുന്നത് കൊവിഡിനെതിരെ പോരാടിക്കൊണ്ടാണ്'; ശാസ്ത്രജ്ഞരുടെ സംഘത്തെ വിളിച്ചു ചേര്‍ക്കാന്‍ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 9:00 am

വില്‍മിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അമേരിക്കയിലെ കൊവിഡിനെതിരെയുള്ള പോരാട്ടമാണ്. കൊവിഡിനെ നേരിടാന്‍ തിങ്കളാഴ്ച ഒരു കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിനെ പ്രഖ്യാപിക്കുമെന്നാണ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബൈഡന്‍ പറഞ്ഞത്.

‘ഞങ്ങളുടെ ജോലി ആരംഭിക്കുന്നത് കൊവിഡിനെതിരെ പോരാടിക്കൊണ്ടാണ്. തിങ്കളാഴ്ച ഞങ്ങള്‍ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരെയും വിദഗ്ധരെയും വിളിച്ചു ചേര്‍ക്കുന്നുണ്ട്,’ ബൈഡന്‍ പറഞ്ഞു.

കൊവിഡിനെതിരെ പോരാടുനുള്ള ഒരു ശ്രമവും പാഴാക്കിക്കളയില്ലെന്നും അദ്ദേഹം വില്‍മിങ്ടണില്‍ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത്‌കൊണ്ട് പറഞ്ഞു. അമേരിക്കയെ സുഖപ്പെടുത്താനുള്ള സമയമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വംശജനായ ആദ്യത്തെ അമേരിക്കന്‍ സര്‍ജന്‍ ജനറലായ വിവേക് മൂര്‍ത്തി, അമേരിക്കന്‍ മുന്‍ ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ഡേവിഡ് കെസ്സ്‌ലെര്‍ എന്നിവര്‍ നയിക്കുന്ന സംഘമായിരിക്കും തിങ്കളാഴ്ച ബൈഡന്റെ നേതൃത്വത്തില്‍ കൂടിച്ചേരുക.

10,182,818 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 243257 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് തന്നെ ഏറ്റവും മോശം അവസ്ഥയില്‍ കൊവിഡ് ബാധിച്ച രാജ്യമാണ് അമേരിക്ക. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു ബൈഡന്റെ പ്രധാന പ്രചരണായുധം.

കൊവിഡ് സ്ഥിരീകരിച്ച ട്രംപ് ആശുപത്രി വിട്ടതിന് ശേഷം മാസ്‌ക് ധരിക്കാതെ ജനങ്ങളെ അഭിസംബോധന ചെയ്തതും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

മാസ്‌ക് പ്രധാനമാണെന്ന് കൊവിഡിനെതിരെ ശാസ്ത്രീയമായി പോരാടണമെന്നും ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബൈഡന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയും കൊവിഡിനെ ശാസ്ത്രീയമായി പോരാടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബൈഡന്‍ നിരന്തരം സംസാരിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ അധികാരത്തിലേറുന്ന തന്റെ ആദ്യത്തെ ചുമതല കൊവിഡിനെതിരെയുള്ള പോരാട്ടമാണെന്ന ബൈഡന്റെ വാക്കുകള്‍ അമേരിക്കന്‍ ജനതയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുക.

കൊവിഡിനെ പിടിച്ച് കെട്ടാതെ സാമ്പത്തിക വ്യവസ്ഥയെ തിരിച്ച് കൊണ്ട് വരാനോ ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള നിമിഷങ്ങളെ തിരിച്ച് കൊണ്ട് വരാനോ സാധിക്കില്ലെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

ഡെമോക്രാറ്റെന്നോ, റിപ്പബ്ലിക്കനെന്നോ വ്യത്യാസമില്ലാതെ തന്നോടൊപ്പം അമേരിക്കന്‍ ജനത തനിക്കൊപ്പം നില്‍ക്കണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.

290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അമേരിക്കയുടെ 46-ാം പ്രസിഡന്റാണ് ബൈഡന്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയായ കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden Says will spare no effort to turn around covid19