| Friday, 23rd October 2020, 9:22 am

ട്രംപ് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദി; അവസാന തെരഞ്ഞെടുപ്പ് സംവാദത്തില്‍ ട്രംപിനെതിരെ ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയ വാദിയായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപെന്ന് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ബെല്‍മണ്ട് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന സംവാദത്തിനിടെയാണ് ബൈഡന്റെ പ്രതികരണം.

‘ആധുനിക ചരിത്രം കണ്ട ഏറ്റവും വംശീയ വാദിയായ പ്രസിഡന്റാണ് ട്രംപ്. എല്ലാ വംശീയ പ്രശ്‌നങ്ങളും ആളിക്കത്താന്‍ എണ്ണ പകരുകയാണ് ട്രംപ് ചെയ്യുന്നത്,’ ബൈഡന്‍ പറഞ്ഞു.

അതേസമയം അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി ഏറ്റവുമധികം നിലകൊണ്ട വ്യക്തിയാണ് താനെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. എബ്രഹാം ലിങ്കണ്‍ കഴിഞ്ഞാല്‍ താനാണ് കറുത്ത വര്‍ഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച പ്രസിഡന്റെന്നും ട്രംപ് പറഞ്ഞു. ബരാക്ക് ഒബാമയും ബൈഡനും വംശീയമായ നീതി ഉറപ്പുവരുത്തുന്നതില്‍ വീഴ്ചയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് പ്രതിരോധത്തിലും ട്രംപിനെ വിമര്‍ശിച്ച് ബൈഡന്‍ രംഗത്തെത്തി. കൊവിഡിനെ നേരിടുന്നതില്‍ ട്രംപിന് കൃത്യമായ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലെന്ന് ട്രംപ് ആരോപിച്ചു. ഡെമോക്രാറ്റുകളുടെ ഭരണത്തില്‍ ന്യൂയോര്‍ക്ക് പ്രേതനഗരമായെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയെയും ചൈനയെയും റഷ്യയെയും വിമര്‍ശിച്ചും ട്രംപ് രംഗത്തെത്തി. ഏറ്റവും മലിനമായ വായുവാണ് ഇന്ത്യയിലും ചൈനയിലുമുള്ളതെന്നും അവര്‍ പറഞ്ഞു.

ലോകത്ത് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്ത് വിടുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 2017ലെ ഗ്ലോബല്‍ എമിഷനില്‍ 7 ശതമാനം ഇന്ത്യയുടേതാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും തമ്മില്‍ നടന്ന അവസാന സംവാദമായിരുന്നു ഇത്. 90 മിനുട്ടായിരുന്നു സംവാദം.

സെപ്റ്റംബറില്‍ നടന്ന ആദ്യ സംവാദം വലിയ വാര്‍ത്താ പ്രധാന്യമായിരുന്നു നേടിയത്. സംവാദം തര്‍ക്കത്തിലേക്ക് വഴിമാറിയത് വിവാദമായിരുന്നു. ബൈഡന്‍ സംസാരിക്കുന്നതിനിടയില്‍ 73 തവണയാണ് ട്രംപ് ഇടയ്ക്ക് കയറി സംസാരിച്ചത്. തര്‍ക്കമായി മാറിയ ഡിബേറ്റിനെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നിയമങ്ങളില്‍മാറ്റം വരുത്തിയിട്ടുണ്ടായിരുന്നു.

അവസാന ഡിബേറ്റില്‍ ഒരാള്‍ സംസാരിക്കുന്നതിനിടയില്‍ കയറി സംസാരിക്കാന്‍ നോക്കുന്ന സ്ഥാനാര്‍ത്ഥിയുടെ മൈക്രോഫോണ്‍ കട്ട് ചെയ്യുമെന്നാണ് നിര്‍ദേശമുണ്ടായിരുന്നത്. ഒക്ടോബര്‍ 15 നാണ് രണ്ടാമത്തെ ഡിബേറ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രംപിന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഡിബേറ്റ് നീട്ടി വെക്കുകയായിരുന്നു.

ആദ്യ ഡിബേറ്റില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ജോ ബൈഡന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോമാളി എന്നു വിളിച്ചതിലാണ് ബൈഡന്‍ ഖേദം പ്രകടിപ്പിച്ചത്. ആ പ്രയോഗം ഒഴിവാക്കാമായിരുന്നെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: In American Presidential debate Joe Biden says Trump is one of the most racist presidents

We use cookies to give you the best possible experience. Learn more