വാഷിംഗ്ടണ്‍: താലിബാനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കല്‍ ബുദ്ധിമുട്ടാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇത് നടപ്പിലാക്കാന്‍ സാധിക്കുമെന്നും എന്നാല്‍ അത് ഏറെ ശ്രമകരമാണെന്നും ബൈഡന്‍ പറഞ്ഞു.
എ.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയ് ഒന്നിന് മുന്‍പ് അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ തിരിച്ചുവിളിക്കുന്ന വിഷയത്തിലെ നിലപാടിനെ കുറിച്ച് ബൈഡന്‍ തുറന്നുപറഞ്ഞത്. ‘അക്കാര്യത്തില്‍ അവരെ എപ്പോള്‍ തീരുമാനമെടുക്കുന്ന പ്രക്രിയയിലാണ് ഞാന്‍ ഇപ്പോള്‍. മുന്‍ പ്രസിഡന്റ് വളരെ കൃത്യമായി ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കിയിട്ടില്ല,’ ബൈഡന്‍ പറഞ്ഞു.
മുന്‍ പ്രസിഡന്റില്‍ നിന്നും അധികാരം കൈമാറുന്ന സമയത്ത് കാര്യങ്ങള്‍ സുഗമമായല്ല നടന്നതെന്നും അതുകൊണ്ടു തന്നെ അഫ്ഗാനിലെ വിഷയത്തില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ സമയം കിട്ടിയില്ലെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ വിഷയത്തിലും ഈ സമയമില്ലായ്മ തന്നെയാണ് പ്രശ്‌നമാകുന്നതെന്നും ബൈഡന്‍ പറഞ്ഞു.
ബൈഡന്റെ പ്രസ്താവനക്ക് താലിബാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ധാരണയുണ്ടാക്കിയ സമയത്തിനുള്ളില്‍ അമേരിക്ക സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് താലിബാന്‍ അറിയിച്ചു.
ദോഹ കരാര്‍ പ്രകാരം അമേരിക്ക അഫ്ഗാനില്‍ നടത്തിയ അധിനിവേശം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് താലിബാന്‍ വക്താവ് സാബിഹുള്ളാ മുജാഹിദ് പറഞ്ഞു. ‘അവര്‍ അത് ചെയ്തില്ലെങ്കില്‍, ഇനി അത് എന്തിന്റെ പേരിലാണെങ്കിലും പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി അവര്‍ തന്നെയായിരിക്കും, അഫ്ഗാനിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും,’ സാബിഹുള്ള പറഞ്ഞു.
നേരത്തെ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള നടപടികളില്‍ നിന്നും ബൈഡന്‍ ഭാഗികമായി പിന്മാറിയിരുന്നു. മെക്സിക്കോയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്നയാളുകളുടെ എണ്ണം കൂടിയതിന് പിന്നാലെയാണ് മുന്‍നിലപാടുകള്‍ തിരുത്തി ബൈഡന്‍ എത്തിയത്.
നിരവധി പേര്‍ അഭയാര്‍ത്ഥികളായി അമേരിക്കയില്‍ എത്തുന്നതില്‍ രാജ്യത്തിനകത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ധൃതിപ്പെട്ട് അമേരിക്കയിലേക്ക് വരേണ്ടതില്ലെന്ന് ബൈഡന്‍ പറഞ്ഞത്.
‘ഞാന്‍ കൃത്യമായി പറയുകയാണ് നിങ്ങള്‍ ചാടിക്കയറി ഇങ്ങോട്ടേക്ക് വരേണ്ടതില്ല. നിങ്ങളുടെ നഗരത്തെയും സമൂഹത്തെയും ഉപേക്ഷിക്കരുത്,” ബൈഡന്‍ പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം ബൈഡന്‍ തിരുത്തിയതാണ് വീണ്ടും അമേരിക്കയിലേക്ക് നിരവധി പേര്‍ അഭയാര്‍ത്ഥികളായെത്താന്‍ കാരണമായത് എന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍പും ഇത്തരത്തില്‍ അഭയാര്‍ത്ഥികള്‍ കൂട്ടമായി അമേരിക്കയില്‍ എത്തിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു ഇത്തരം വിമര്‍ശനങ്ങളോട് ബൈഡന്‍ നടത്തിയ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക