വില്‍മിങ്ടണ്‍: ഐക്യത്തിന്റെ സന്ദേശവുമായി അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഐക്യം കാത്തു സൂക്ഷിക്കുന്ന പ്രസിഡന്റായിരിക്കും എക്കാലത്തും താനെന്ന് ബൈഡന്‍ വില്‍മിങ്ടണില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
‘ഒരിക്കലും വിഭജക്കുന്ന പ്രസിഡന്റായല്ല, എല്ലാവരുടെയും ഐക്യം കാത്ത് സൂക്ഷിക്കുന്ന നേതാവായിട്ടായിരിക്കും ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുക,’ ബൈഡന്‍ പറഞ്ഞു.
തനിക്ക് ചുവപ്പെന്നോ നീലയെന്നോ വ്യത്യാസമില്ലെന്നും അമേരിക്കയെന്നാല്‍ ഐക്യനാടുകളാണ്. അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കുന്ന പ്രവര്‍ത്തനം നടത്തുമെന്നും അമേരിക്കയുടെ ലോക നേതൃപദവി തിരിച്ച് പടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റക്കാരുടെ മകള്‍ അമേരിക്കയുടെ വൈസ്പ്രസിഡന്റായിരിക്കുന്നുവെന്നും അദ്ദേഹം കമലാഹാരിസിനെ അഭിന്ദിച്ച് കൊണ്ട് സംസാരിച്ചു.
തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും, ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെയും പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി പരസ്പരം സ്‌നേഹത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകണം. ആക്രോശങ്ങള്‍ മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ഒരു വിജയമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അമേരിക്കന്‍ ജനത തുറന്നടിച്ചിരിക്കുന്നുവെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈബിളില്‍ പറയുന്നത് എല്ലാത്തിനും ഒരു സമയമുണ്ടെന്നാണ്. വിതക്കാനും കൊയ്യാനും, സുഖപ്പെടുത്താനുമൊക്കെ ഒരു സമയമുണ്ട്. അമേരിക്കയെ സുഖപ്പെടുത്താനുള്ള അത്തരമൊരു സമയമാണിതെന്നും ബൈഡന്‍ പറഞ്ഞു.
കൊവിഡിനെ പിടിച്ച് കെട്ടാതെ സാമ്പത്തിക വ്യവസ്ഥയെ തിരിച്ച് കൊണ്ട് വരാനോ ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള നിമിഷങ്ങളെ തിരിച്ച് കൊണ്ട് വരാനോ സാധിക്കില്ലെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
ഡെമോക്രാറ്റെന്നോ, റിപ്പബ്ലിക്കനെന്നോ വ്യത്യാസമില്ലാതെ തന്നോടൊപ്പം അമേരിക്കന്‍ ജനത തനിക്കൊപ്പം നില്‍ക്കണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.