വാഷിങ്ടണ്‍: രണ്ട് ടര്‍ക്കി പക്ഷികള്‍ക്ക് ‘മാപ്പ്’ നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ ദേശീയ ആഘോഷമായ താങ്ക്‌സ്ഗിവിങിന് (Thanksgiving) ഭക്ഷണമാകാനിരുന്ന പക്ഷികള്‍ക്കാണ് ബൈഡന്‍ പരമ്പരാഗതമായ പ്രസിഡന്‍ഷ്യല്‍ മാപ്പ് നല്‍കിയത്.
”എല്ലാ അമേരിക്കക്കാര്‍ക്കും ഇതേ കാര്യമാണ് വേണ്ടത്. ടര്‍ക്കികളുടെ കണ്ണില്‍ നോക്കി, എല്ലാം ശരിയാകും എന്ന് പറയുകയാണ് അമേരിക്കക്കാര്‍ക്ക് വേണ്ടത്,” ബൈഡന്‍ തമാശരൂപേണ പറഞ്ഞു.
പീനട്ട് ബട്ടര്‍, ജെല്ലി എന്നിങ്ങനെ രണ്ട് ടര്‍ക്കി പക്ഷികളെയാണ് താങ്ക്‌സ്ഗിവിങ് ആഘോഷപരിപാടിയിലെ ഭക്ഷണത്തിന് വേണ്ടി അറക്കുന്നതില്‍ നിന്നും ബൈഡന്‍ രക്ഷിച്ചത്.
ഈ വരുന്ന വ്യാഴാഴ്ചയാണ് രാജ്യത്ത് താങ്ക്‌സ്ഗിവിങ് ആഘോഷിക്കുന്നത്. അവധി ദിവസമായ അന്ന് കുടുംബങ്ങള്‍ ഒത്തുകൂടി പരമ്പരാഗത രീതിയില്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ടര്‍ക്കി റോസ്റ്റ് കഴിക്കുകയാണ് ചെയ്യുക.
കാണാനുള്ള പ്രത്യേകത കൊണ്ടും മറ്റ് ഗുണങ്ങള്‍ കൊണ്ടുമാണ് ഈ രണ്ട് പക്ഷികള്‍ക്ക് ‘മാപ്പ്’ നല്‍കിയതെന്നും ബൈഡന്‍ തമാശരൂപത്തില്‍ കൂട്ടിച്ചേര്‍ത്തു.