|

50 സംസ്ഥാനങ്ങളുള്ള യു.എസിലെ '54 സംസ്ഥാനങ്ങളില്‍ പ്രചരണം നടത്തിയ ബൈഡന്‍'; വീണ്ടും യു.എസ് പ്രസിഡന്റിന്റെ നാക്കുപിഴ, ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: നാക്കുപിഴയുടെ പേരില്‍ വീണ്ടും സോഷ്യല്‍മീഡിയ ട്രോളുകളേറ്റുവാങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 50 സ്‌റ്റേറ്റുകള്‍ മാത്രമാണ് യു.എസില്‍ ഉള്ളതെന്നിരിക്കെ താന്‍ ’54 സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു’ എന്ന തരത്തിലുള്ള 79കാരനായ ബൈഡന്റെ പ്രസ്താവനയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

2018ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ‘ഒബാമ കെയര്‍’ ആരോഗ്യപദ്ധതി എടുത്തുകളയാന്‍ പദ്ധതിയിട്ടതിനെയും അതിനെതിരെ, ഒബാമ കെയറിനെ പ്രതിരോധിച്ചുകൊണ്ട് ഡെമോക്രാറ്റുകള്‍ പ്രചരണം നടത്തിയതിനെയും കുറിച്ചാണ് ബൈഡന്‍ സംസാരിച്ചത്.

”തീര്‍ച്ചയായും, അവര്‍ 499ാമത്തെ തവണയും ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ഈ കെയര്‍ ആക്ട് ഇപ്പോഴും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.

അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, അതൊരിക്കലും ഒരു തമാശയായിരിക്കില്ല, എല്ലാവരെ സംബന്ധിച്ചും.

അതുകൊണ്ടാണ് അവരുടെ ഇത്തരം ശ്രമങ്ങളെ 2018ല്‍ ഞങ്ങള്‍ പരാജയപ്പെടുത്തിയത്. ഞങ്ങള്‍ 54 സംസ്ഥാനങ്ങളില്‍ ഇതിനെതിരെ പ്രചരണം നടത്തി,” ജോ ബൈഡന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ‘പെന്‍സില്‍വാനിയ ഡെമോക്രാറ്റിക് പാര്‍ട്ടി റിസപ്ഷനി’ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”അമേരിക്കയില്‍ 54 സ്റ്റേറ്റുകളുണ്ടെന്നാണ് ബൈഡന്‍ പറയുന്നത്. അടുത്ത പ്രസംഗത്തില്‍ 81 മില്യണ്‍ വോട്ടിനെ കുറിച്ച് അദ്ദേഹം വിശദീകരിക്കും, താന്‍ 54 സ്‌റ്റേറ്റുകളില്‍ പോയെന്നാണ് ബൈഡന്‍ പറയുന്നത് ജീസസ് നമ്മളെയെല്ലാം രക്ഷിക്കട്ടെ,” എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ബൈഡന്റെ പ്രസംഗത്തെ കളിയാക്കിക്കൊണ്ട് വരുന്ന കമന്റുകള്‍.

Content Highlight: Joe Biden’s slip of tongue says there are 54 States in America, internet reacts

Latest Stories

Video Stories