മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ പുറത്താക്കൂ: ജോ ബൈഡന്‍
World News
മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ പുറത്താക്കൂ: ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th October 2020, 9:17 am

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് കേന്ദ്രങ്ങളില്‍ നിന്നും വിവാദ പ്രസ്താവനകള്‍ നിരന്തരമുയരുന്നതിനിടെ കുറിക്കുകൊള്ളുന്ന ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തത്.

ഡൊണാള്‍ഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധ നടപടികളിലെ മുഖ്യ ഉപദേശകനായ ഡോ.സ്‌കോട്ട് അറ്റ്‌ലസ് മാസ്‌കിന്റെ പ്രാധാന്യം കുറച്ചു കാണിച്ചു കൊണ്ട് നടത്തിയ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ‘മാസ്‌ക് ഉപകാരപ്രദമാണോ ?’ അല്ല’ എന്നായിരുന്നു ഡോ.സ്‌കോട്ടിന്റെ ട്വീറ്റ്. ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.

നേരത്തെ ട്രംപിന്റെ പല പ്രസ്താവനകളും ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച ട്രംപ് അടുത്ത മാസങ്ങളിലാണ് മാസ്‌ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒക്ടോബര്‍ മാസം തുടക്കത്തില്‍ കൊവിഡ് ബാധിതനായ ട്രംപ് രോഗമുക്തനായ ശേഷം മാസ്‌ക് വലിച്ചൂരിയെറിഞ്ഞ് അണികളെ അഭിസംബോധന ചെയ്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

കൊവിഡുമായി ബന്ധപ്പെട്ടും അല്ലാതെയും ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ക്ക് പരിഹസിച്ചുകൊണ്ടാണ് ജോ ബൈഡന്‍ രംഗത്തെത്താറുള്ളത്. കഴിഞ്ഞ ദിവസം ജോ ബൈഡനോട് പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിടുമെന്ന ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് ജോ ബൈഡന്‍ രംഗത്തെത്തി. പരാജയപ്പെട്ടാല്‍ രാജ്യം വിട്ടേക്കാമെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ‘ഉറപ്പാണോ’എന്നാണ് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് നടത്തിയ സമാന പ്രസ്താവന വീഡിയോയിലുണ്ട്.

ജോര്‍ജിയയിലെ മകോണില്‍ നടന്ന പ്രചരണ റാലിയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയായ ബൈഡനോട് മത്സരിക്കുന്നത് തനിക്ക് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. ഒപ്പം ബൈഡന്‍ അധികാരത്തിലേറിയാല്‍ അമേരിക്കയില്‍ കമ്മ്യൂണിസം വ്യാപിപ്പിക്കുമെന്നും കുടിയേറ്റക്കാരെ രാജ്യത്തേക്ക് ഒഴുക്കി വിടുമെന്നും ട്രംപ് പറഞ്ഞു.

ജോര്‍ജിയയിലും ഫ്ളോറിഡയിലും ട്രംപ് വെള്ളിയാഴ്ച പ്രചരണം നടത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളും 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ ട്രംപിനെയല്ല പിന്തുണയ്ക്കുന്നത് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സര്‍വേയില്‍ പറയുന്നത്. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അടുത്തിടെ വന്ന സര്‍വേയിലെല്ലാം ബൈഡനാണ് വിജയ സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ 17 പോയിന്റ് മുന്നിലാണെന്നായിരുന്നു പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden’s mocking tweet against Trump ‘Wear a mask. Wash your hands. Vote out Donald Trump’