| Wednesday, 10th March 2021, 9:35 am

ബൈഡന്റെ വളര്‍ത്തുനായ്ക്കളെ പുറത്താക്കി വൈറ്റ് ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ജീവനക്കാരനെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്നും തിരിച്ചയച്ചു. നായയുടെ അക്രമസ്വഭാവം കണക്കിലെടുത്താണ് ബൈഡന്റെ ഡെലാവേറിലുള്ള വീട്ടിലേക്ക് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട രണ്ട് നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കിയത്.

നായ് കടിച്ചു പരിക്കേല്‍പ്പിച്ച ജീവനക്കാരന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ നായ് ആക്രമിച്ചുവെന്ന് വൈറ്റ ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് സെക്രട്ടറി ജെന്‍ സാകിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

‘ചാംപും മേജറും പുതിയ സ്ഥലവും ആള്‍ക്കാരുമായി പരിചയപ്പെട്ടു വരുന്നേയുള്ളൂ. മേജറിന് അപരിചിതനായ ഒരാള്‍ തിങ്കളാഴ്ച വൈറ്റ് ഹൗസിലെത്തിയപ്പോള്‍ നടന്ന സംഭവത്തില്‍ അയാള്‍ക്ക് ചില ചെറിയ പരിക്കുകള്‍ പറ്റി,’ ജെന്‍ സാകി പറഞ്ഞു. വൈറ്റ് ഹൗസ് മെഡിക്കല്‍ യൂണിറ്റ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റയാള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ലാണ് ചാംപ്, മേജര്‍ എന്നീ പേരുള്ള രണ്ട് നായ്ക്കളെ ബൈഡന്‍ ദത്തെടുക്കുന്നത്. മേജര്‍ നേരത്തെയും പല വേദികളില്‍ ആക്രമണോത്സുകമായ രീതിയില്‍ പെരുമാറിയിട്ടുണ്ട്. ആളുകള്‍ക്ക് നേരെ കുരക്കുകയും ചാടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ ബൈഡന് പല തവണ പഴി കേട്ടിട്ടുണ്ട്.

മേജറിനെയും ചാംപിനെയും നേരത്തെ തന്നെ വീട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായിരുന്നെന്നും വൈകാതെ അവര്‍ വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുമെന്നും ജെന്‍ സാകി അറിയിച്ചു. എപ്പോഴായിരിക്കും അതെന്നെ ചോദ്യത്തിന് ഉടന്‍ എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Joe Biden’s dogs removed from White House

We use cookies to give you the best possible experience. Learn more