| Saturday, 3rd April 2021, 8:39 am

'ഹൃദയം തകര്‍ന്നു'; പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതികരിച്ച് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് ആക്രമണ സംഭവത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത തന്നെയും ഭാര്യ ജില്ലിനെയും ഏറെ വേദനിപ്പിച്ചുവെന്ന് കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും ബൈഡന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

‘യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലുണ്ടായ ആക്രമണത്തില്‍ യു.എസ് ക്യാപിറ്റോള്‍ പൊലീസിലെ അംഗമായ വില്യം ഇവാന്‍സ് എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഗുരുതര പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥന്‍ ജീവനുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണെന്നും അറിഞ്ഞപ്പോള്‍ എന്റെയും ജില്ലിന്റെയും ഹൃദയം തകര്‍ന്നുപോയി.

ഓഫീസര്‍ ഇവാന്‍സിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖിക്കുന്ന ഓരോരുത്തര്‍ക്കും അനുശോചനങ്ങള്‍ അറിയിക്കുന്നു,’ ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.

സുരക്ഷാസേനാംഗങ്ങളെ ആക്രമിക്കാനെത്തിയയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. അക്രമി വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റത്.

തുടര്‍ന്ന് ഇയാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി കത്തി വീശീക്കൊണ്ട് പൊലീസിനടുത്തേക്ക് വരികയും പൊലീസ് ഇയാളെ വെടിവെച്ചിടുകയായിരുന്നു. ആക്ടിംഗ് ചീഫ് യൊഗാണ്ട പിറ്റ്മാനാണ് മാധ്യമങ്ങളെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അക്രമിയെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് റോബര്‍ട്ട് കോന്റി അറിയിച്ചു. അതേസമയം സംഭവത്തിന് തീവ്രവാദബന്ധമുള്ളതായി കരുതില്ലെന്നും അദ്ദേഹം അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ജനറല്‍ ഗാര്‍ഡ് ട്രൂപ്പിനെ വിന്യസിച്ചു. ജനാലകള്‍ക്കടുത്ത് നിന്നും മാറിനില്‍ക്കണമെന്നും ആക്രമണം ഉണ്ടായാല്‍ രക്ഷ നേടാനായി കവര്‍ എടുക്കണമെന്നും സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് മാസം മുന്‍പ് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരം അടച്ചിട്ടിരുന്നു. ട്രംപ് അനുകൂലികള്‍ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ക്യാപിറ്റോളും പരിസര പ്രദേശങ്ങളും കടുത്ത സുരക്ഷയിലായിരുന്നു. ഇതിനിടയില്‍ ഇപ്പോള്‍ പുതിയ ആക്രമണമുണ്ടായതും പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Joe Biden responds to US Capitol attack that killed a police officer on Friday

We use cookies to give you the best possible experience. Learn more