| Thursday, 10th February 2022, 1:19 pm

സൗദിയെ പിന്തുണക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം; ഹൂതികള്‍ ആക്രമിച്ചാല്‍ ഇടപെടും; ഉറപ്പ് നല്‍കി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സൗദി അറേബ്യയോടുള്ള പിന്തുണ വ്യക്തമാക്കി അമേരിക്ക. യെമന്‍-ഹൂതി-സൗദി വിഷയത്തില്‍ സൗദി അറേബ്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഉറപ്പ് നല്‍കി.

പ്രസിഡന്റ് ജോ ബൈഡന്‍ സൗദിയുടെ സല്‍മാന്‍ രാജാവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും വൈറ്റ്ഹൗസില്‍ നിന്നും അറിയിച്ചു.

യെമനിലെ ഹൂതി വിമതരുടെ ഭാഗത്ത് നിന്നും സൗദിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ സൗദിക്കൊപ്പം നില്‍ക്കുമെന്നാണ് യു.എസ് വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ജനുവരി 17ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. സൗദി അറേബ്യയുടെ സഖ്യരാജ്യമാണ് യു.എ.ഇ.

ആക്രമണത്തിന് പിന്നാലെ സൗദി-യെമന്‍-ഹൂതി സംഘര്‍ഷങ്ങള്‍ ആക്രമണ-പ്രത്യാക്രമണങ്ങളായി വഷളാവുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ സമ്പൂര്‍ണ പിന്തുണയുടെ ഉറപ്പ് സൗദിക്ക് ലഭിച്ചിരിക്കുന്നത്.

ബുധനാഴ്ചയായിരുന്നു ബൈഡന്‍ സൗദി രാജാവുമായി ഫോണില്‍ ബന്ധപ്പെട്ടത്. സൗദിക്ക് നേരെ ഹൂതികള്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലായിരുന്നു ഫോണ്‍ കോള്‍.

യെമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെ തിരികെ ഭരണത്തിലെത്തിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെയും യു.എസിന്റെയും പിന്തുണയോടെ 2015ല്‍ സൗദി നടത്തിയ ഇടപെടലുകളാണ് പിന്നീടുണ്ടായ സൗദി-ഹൂതി സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.

ഹൂതികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ഹാദിയെ തിരികെ ഭരണത്തിലെത്തിക്കാനായിരുന്നു അന്ന് സൗദി ശ്രമിച്ചത്.

2014ല്‍ ഹൂതി വിമതരുടെ പ്രതിഷേധം കാരണമായിരുന്നു മന്‍സൂര്‍ ഹാദി ഭരണത്തില്‍ നിന്നിറങ്ങി രാജ്യം വിട്ടത്. പിന്നാലെ യെമന്‍ സര്‍ക്കാരിനെ ഹൂതികള്‍ ഭരണത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.


Content Highlight: Joe Biden pledges American support against Houthi attacks to Saudi Arabia’s king Salman

We use cookies to give you the best possible experience. Learn more