| Saturday, 7th November 2020, 5:01 pm

ജയമുറപ്പിച്ച് ബൈഡന്‍; ബൈഡനും കമലാ ഹാരിസും ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ തീരുമാനത്തിന് കാത്തിരിക്കെ ഡെമോക്രാറ്റിക്കിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബൈഡന്‍ വ്യക്തമായ മേല്‍ക്കെ തെരഞ്ഞെടുപ്പില്‍ നേടിയിരിക്കെ വിജയപ്രസംഗമായിരിക്കും നടത്തുക എന്നാണ് ഡെമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്നത്. ബൈഡനൊപ്പം വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും രാജ്യത്തെ അഭിസംബോധന ചെയ്യും.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇതാദ്യമായിട്ടായിരിക്കും കമലാ ഹാരിസ് ജനങ്ങളെ സംബോധന ചെയ്യുന്നത്.

അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇരുപക്ഷവും തമ്മിലുള്ള വാക്‌പോരും തുടരുകയാണ്. ബൈഡന്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കില്‍ വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കുമെന്നാണ് ബൈഡന്‍ പക്ഷം പറഞ്ഞിരിക്കുന്നത്.

പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും കൃത്യമായ ഭൂരിപക്ഷം ലഭിച്ചതോടെ ബൈഡന്‍ വിജയം ഉറപ്പിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ബൈഡന്‍ വിജയിച്ചുവെന്ന് പറയാന്‍ വരട്ടെയെന്നും, നിയമനടപടികള്‍ ആരംഭിക്കാന്‍ പോകുന്നേയുള്ളുവെന്നും ട്രംപ് പറഞ്ഞിരുന്നു.

നിയമനടപടികള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ തനിക്ക് നഷ്ടപ്പെട്ട ഭൂരിപക്ഷം തിരിച്ച് ലഭിച്ചേക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്‍ പക്ഷത്തിന്റെ മുന്നറിയിപ്പ്.

‘ജൂലൈ 19ന് ഞങ്ങള്‍ പറഞ്ഞത് പോലെതന്നെ ഈ തെരഞ്ഞെടുപ്പ് അമേരിക്കന്‍ ജനത തീരുമാനിക്കും. അതിക്രമിച്ച് കയറുന്നവരെ വൈറ്റ് ഹൗസില്‍ നിന്നും തുരത്താന്‍ എന്തുകൊണ്ടും കഴിവുള്ള സര്‍ക്കാരായിരിക്കും ഇനി അധികാരത്തിലേറുന്ന സര്‍ക്കാര്‍,’ ബൈഡന്‍ പക്ഷത്തിന്റെ വക്താവ് ആന്‍ഡ്ര്യൂ ബേറ്റ്സ് പറഞ്ഞു.

അതേസമയം നാല് സംസ്ഥാനങ്ങളിലെ ഫലങ്ങളെ അടിസ്ഥാനമാക്കി ജോ ബൈഡനെ വിജയിയാക്കിക്കൊണ്ടുള്ള പ്രവചനം തെറ്റാണെന്ന് കാണിച്ച് ട്രംപ് പക്ഷം രംഗത്തെത്തിയിരുന്നു.

ജോര്‍ജിയയില്‍ റീകൗണ്ട് നടത്തണമെന്നും പെന്‍സില്‍വാനിയയിലും നെവാഡയിലും ‘ക്രമക്കേടുകള്‍’ നടന്നിട്ടുണ്ടെന്നും ട്രംപ് പക്ഷം പറഞ്ഞിരുന്നു. അരിസോണയില്‍ ട്രംപ് വിജയിക്കുമെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ അലാസ്‌കയും നോര്‍ത്ത് കരോലിനയുമൊഴികെ എല്ലാ സ്റ്റേറ്റുകളിലും ബൈഡനാണ് ലീഡ്. ജോര്‍ജിയയിലും ബൈഡന് മികച്ച ഭൂരിപക്ഷമാണ് നേടാനായത്.

നേരത്തെ ട്രംപ് മുന്നിലുണ്ടായിരുന്ന പെന്‍സില്‍വാനിയയില്‍ 98 ശതമാനം വോട്ടും എണ്ണിക്കഴിയുമ്പോള്‍ ബൈഡന്‍ മുന്നിലാണ്.
നെവാഡയിലും ബൈഡന്‍ ലീഡ് തുടരുകയാണ്.

അരിസോണയിലും ജോര്‍ജിയയിലും ഉണ്ടാക്കാന്‍ സാധിച്ച മുന്നേറ്റത്തില്‍ അതിയായ സന്തോഷവും ബൈഡന്‍ പ്രകടിപ്പിച്ചു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരിസോണയില്‍ നമ്മള്‍ വിജയിക്കുന്നത്. ജോര്‍ജിയയില്‍ 28 വര്‍ഷത്തിന് ശേഷമാണ് ഡെമോക്രാറ്റിന് ഈ നേട്ടം ഉണ്ടാക്കാനായത്. നാല് വര്‍ഷം മുമ്പ് തകര്‍ന്ന നീലമതില്‍ രാജ്യത്തിന്റെ മധ്യത്തില്‍ തന്നെ നമ്മള്‍ പുനര്‍നിര്‍മിച്ചെന്നും ബൈഡന്‍ നേരത്തെ പറഞ്ഞു.

ഓരോ മണിക്കൂറിലും കൂടുതല്‍ വ്യക്തമാകുന്നത്, എല്ലാ മതങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും, ജാതിയില്‍നിന്നും പ്രദേശങ്ങളില്‍ നിന്നും കൂട്ടായ തരത്തില്‍ ആളുകള്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നു എന്നാണ്. ഇത് ഒരു മാറ്റത്തെ തെരഞ്ഞെടുക്കുന്നതിന് കൂടിയാണ്.

ആരും നമ്മുടെ ജനാധിപത്യത്തെ നമ്മില്‍ നിന്ന് കവരാന്‍ പോകുന്നില്ല. ഇപ്പോള്‍ എന്നല്ല, ഒരിക്കലും. അമേരിക്ക വളരെയധികം മുന്നോട്ട് പോയി, വളരെയധികം യുദ്ധങ്ങള്‍ നടത്തി. അതിനായി പലതും സഹിച്ചെന്നും ബൈഡന്‍ പറഞ്ഞു.

നിലവില്‍ 74 മില്യണ്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. ട്രംപിനേക്കാള്‍ നാല് മില്ല്യണ്‍ വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden planning to give prime-time address tonight Kamala Harris

We use cookies to give you the best possible experience. Learn more