| Tuesday, 8th December 2020, 9:48 am

പെന്റഗണ്‍ തലപ്പത്തേക്ക് മിഷേലെത്തില്ല; എങ്കിലും ചരിത്രം സൃഷ്ടിക്കാന്‍ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പെന്റഗണിന്റെ ആദ്യത്തെ വനിതാ ചീഫായി മിഷേല്‍ ഫ്‌ലോര്‍നോയി എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായി വിരമിച്ച ആര്‍മി ജനറല്‍ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി തെരഞ്ഞെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ വനിതാ ചീഫ് എന്ന ചരിത്രത്തിന് സാധ്യതയില്ലാതായെങ്കിലും ലോയ്ഡ് ഓസ്റ്റിനിലൂടെ ആദ്യമായി പെന്റഗണിന് കറുത്ത വര്‍ഗക്കാരനായ തലവനെയാണ് ലഭിക്കുന്നത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനമെടുത്തു കഴിഞ്ഞെന്നും വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2003ല്‍ ബാഗ്ദാദില്‍ അമേരിക്കന്‍ ട്രൂപ്പുകളെ നയിച്ചത് ജനറല്‍ ലോയ്ഡ് ഓസ്റ്റിനായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ നിരവധി സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ലോയ്ഡ് ഓസ്റ്റിനായിരുന്നു.

ബൈഡന്റെ ക്യാബിനറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും അതിനനുസരിച്ചു കൂടിയായിരിക്കും വിവിധ സ്ഥാനങ്ങളിലേക്കുള്ളവരെ നിയമിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീയെ നിയമിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ അണ്ടര്‍ സെക്രട്ടറി മിഷേല്‍ ഫ്‌ലോര്‍നോയി വരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. മിഷേല്‍ പെന്റഗണിന്റെ തലപ്പത്തെത്തിയാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ പ്രതിരോധസെക്രട്ടറിയാകുന്ന ആദ്യ സ്ത്രീയാകുമായിരുന്നു ഇവര്‍.

സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാലേ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയാക്കാനുള്ള തീരുമാനം അന്തിമമാകുകയുള്ളു. വിരമിച്ച് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമേ സൈനികരെ പെന്റഗണ്‍ ചീഫായി നിയമക്കാവൂ എന്നാണ് നിയമം. അതുകൊണ്ടു തന്നെ 2016ല്‍ വിരമിച്ച ലോയ്ഡിന്റെ നിയമനത്തിന് പ്രത്യേക അംഗീകാരം ആവശ്യമായി വരും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden Picks Retired General Lloyd Austin As First Black Pentagon Chief

We use cookies to give you the best possible experience. Learn more