ക്യാപിറ്റോളിനെ ആക്രമിച്ചത് കറുത്ത വംശജരാണെങ്കില്‍ ഇങ്ങനെ ആയിരുന്നോ നേരിടുക: ബൈഡന്‍
US Capitol Building Attack
ക്യാപിറ്റോളിനെ ആക്രമിച്ചത് കറുത്ത വംശജരാണെങ്കില്‍ ഇങ്ങനെ ആയിരുന്നോ നേരിടുക: ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th January 2021, 7:42 pm

വാഷിംഗ്ടണ്‍: ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍അക്രമം നടത്തിയ ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം അരങ്ങേറിയത് പോലൊരു സംഭവം കറുത്ത വംശജരാണ് നടത്തിയിരുന്നതെങ്കില്‍ ഇങ്ങനെ ആയിരുന്നോ നേരിടുക എന്നും അദ്ദേഹം ചോദിച്ചു.

അക്രമം ആരംഭിച്ച് ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെന്‍സില്‍വാനിയ സര്‍ലകലാശാലയിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ എന്റെ പേരക്കുട്ടി ഫിന്നഗന്‍ ബൈഡനില്‍ നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു. ലിങ്കണ്‍ സ്മാരകത്തിന്റെ പടികളില്‍ കറുത്ത വംശജരുടെ പ്രതിഷേധത്തെ സായുധരായ സൈന്യം നേരിടുന്ന ചിത്രമായിരുന്നു അത്.

ഇന്നലെ പ്രതിഷേധിച്ചവര്‍ ഒരു കൂട്ടം ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാരായിരുന്നുവെങ്കില്‍ ക്യാപിറ്റോളിനെ ആക്രമിച്ച ഗുണ്ടാസംഘത്തോട് പെരുമാറിയത് പോലെയല്ല അവരോട് പെരുമാറുക. അത് നമുക്കെല്ലാവര്‍ക്കും അറിയാം.

ഇത് അസ്വീകാര്യമാണ്. അമേരിക്കന്‍ ജനത ഇത് വ്യക്തമായ കാഴ്ചപ്പാടില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-ബൈഡന്‍ പറഞ്ഞു.


ക്യാപിറ്റോള്‍ ആക്രമിച്ചത് തീവ്രവാദികാളെന്നും ബൈഡന്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ ഒരിക്കലും പ്രതിഷേധക്കാരെന്ന് വിളിക്കാനാവില്ലെന്നും അവര്‍ കലാപകാരികള്‍ മാത്രമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘ഇന്നലെ നമ്മള്‍ കണ്ടത് വിയോജിപ്പോ ക്രമക്കേടോ പ്രതിഷേധമോ ആയിരുന്നില്ല. അത് അരാജകത്വമായിരുന്നു. അവരെ പ്രതിഷേധക്കാരെന്ന് വിളിച്ചുപോകരുത്. അവര്‍ കലാപകാരികളായ ആള്‍ക്കൂട്ടമായിരുന്നു. ആഭ്യന്തര തീവ്രവാദികളായിരുന്നു, അതുമാത്രമായിരുന്നു.

നമുക്കിത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഇതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്കെല്ലാവര്‍ക്കുമറിയാമായിരുന്നു. കാരണം നാല് വര്‍ഷമായി ജനാധിപത്യത്തെയും ഭരണഘടനവ്യവസ്ഥയെയും നിയമവ്യവസ്ഥയെയും അപമാനിച്ച ഒരാളായിരുന്നു നമ്മുടെ പ്രസിഡന്റ്. അയാള്‍ ചെയ്ത എല്ലാ കാര്യങ്ങളും നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ക്കുന്നതായിരുന്നു. അതിന്റെ എല്ലാ ഫലങ്ങളും ഒന്നിച്ചെത്തിയതാണ് നമ്മള്‍ ഇന്നലെ കണ്ടത്.’ ബൈഡന്‍ പറഞ്ഞു.

ജനാധിപത്യം ശിലിഥമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ അക്രമങ്ങളെന്ന് ജോ ബൈഡന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ‘ഈ ദിവസം ഒരു ഓര്‍മ്മപ്പെടുത്തലാണ്, ജനാധിപത്യം ദുര്‍ബലമായിരിക്കുന്നതിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തല്‍. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ല മനസ്സുള്ള ജനങ്ങള്‍ വേണം. ഉറച്ചുനില്‍ക്കാന്‍ ധൈര്യമുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പര്യത്തിനുമല്ലാതെ ജനങ്ങളുടെ നന്മക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണം അത്,’ ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യു.എസ് കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന പ്രതിഷേധത്തെ അപലപിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു.

ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്.

‘അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,” ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contebt Highlight: Joe Biden on Capitol Attack & Black Lives Matter Protest