|

ഒടുവില്‍ ഇലക്ട്രല്‍ കോളേജും തീരുമാനിച്ചു; ട്രംപിന്റെ നീക്കങ്ങളെ ഉറ്റുനോക്കി ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്ത് ഇലക്ട്രല്‍ കോളേജ്. പുതിയ വൈസ് പ്രസിഡന്റായി കമലാ ഹാരിസിനെയും തെരഞ്ഞെടുത്തു. ഇതോടെ തോല്‍വി സമ്മതിക്കാതിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിരോധത്തിലായിരിക്കുകയാണ്.

നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്.

ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലും ബൈഡന്‍ വിജയിച്ചതായി കഴിഞ്ഞ ദിവസം ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ട്രംപ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ട്രംപും അനുകൂലികളും നല്‍കിയ ഹരജികള്‍ കോടതി തള്ളിയിരുന്നു.

കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

‘ഒരിക്കല്‍ കൂടി അമേരിക്കയില്‍ നിയമവാഴ്ചയും ഭരണഘടനയും ജനങ്ങളുടെ ആഗ്രഹവും വ്യക്തമായി. ഇവിടെ ജനാധിപത്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടാവുകയും അതിന് ഭീഷണി നേരിടേണ്ടി വരികയും ജനാധിപത്യം വലിയൊരളവില്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജനാധിപത്യം ശക്തവും സത്യവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു,’ ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ഇലക്ട്രല്‍ കോളേജ് ബൈഡന്റെ വിജയം പ്രഖ്യാപിച്ചതിന് ശേഷവും ട്രംപ് വാഷിംഗ്ടണിലെ വൈറ്റ് ഹൗസില്‍ തന്നെ തുടരുകയാണ്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെതിരെ നിരന്തരമായി രംഗത്തെത്തിയ ട്രംപിന്റെ അടുത്ത നീക്കങ്ങളെന്തായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോകം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden Officially Wins The US Electoral College Votes