| Monday, 2nd December 2024, 11:22 am

ഒരച്ഛനെന്ന നിലയില്‍ എന്നെ അമേരിക്കക്കാര്‍ മനസിലാക്കും; മകന് ക്രിമിനല്‍ കുറ്റങ്ങളിലടക്കം ഔദ്യോഗിക മാപ്പ് നല്‍കി ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഔദ്യോഗിക അധികാരം ഉപയോഗിച്ച് മകന്‍ ഹണ്ടര്‍ ബൈഡനെ വിവിധ കേസുകളില്‍ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് ജോ ബൈഡന്‍.

ക്രിമിനല്‍, മയക്കുമരുന്ന്, നികുതി വെട്ടിപ്പ് കേസുകളിലാണ് ഹണ്ടറിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. തന്റെ മകനെ രാഷ്ട്രീയ എതിരാളികള്‍ കരുവാക്കി തീര്‍ക്കുകയായിരുന്നു, കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല, വിചാരണയുടെ സമയങ്ങളില്‍ മറ്റുള്ളവര്‍ നേരിടുന്നതിനേക്കാള്‍ ക്രൂരമായ വിചാരണയാണ് മകന്‍ നേരിട്ടത് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നത്.

അതിനാല്‍ തന്നെ അമേരിക്കയുടെ പ്രസിഡന്റ് എന്ന രീതിയിലും ഒരച്ഛനെന്ന നിലയിലും തന്റെ തീരുമാനം അമേരിക്കക്കാര്‍ മനസ്സിലാക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

താന്‍ അധികാരത്തിലേറിയ കാലം മുതല്‍ക്കു തന്നെ നീതിന്യായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് കരുതിയിരുന്നെങ്കിലും ഹണ്ടറെ നിയമവിരുദ്ധമായി വേട്ടയാടിയതിനാലാണ് തീരുമാനം മാറ്റിയതെന്നാണ് ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നത്. മുമ്പ് മകന് മാപ്പ് നല്‍കില്ലെന്ന നിലപാട് ബൈഡന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

2014 മുതല്‍ 2024 വരെയുള്ള കാലയളവിലെ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിട്ടത്. അനധികൃതമായി തോക്ക് കൈവശം വെച്ചു, നികുതി വെട്ടിപ്പ് എന്നിവയായിരുന്നു പ്രധാന കുറ്റങ്ങള്‍. തോക്ക് കൈയില്‍വെച്ചതിന് തന്നെ മൂന്നില്‍ അധികം കേസുകള്‍ ഹണ്ടറിനെതിരെ ഉണ്ടായിരുന്നു. ഇതിന് പുറമെ ഇയാള്‍ ലഹരിക്ക് അടിമയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ 54 കാരനായ ഹണ്ടര്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളില്‍ ലോസ് ആഞ്ചലസിലെ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. 17 വര്‍ഷത്തോളം തടവിന് വിധിക്കപ്പെടുകയും ചെയ്തിരുന്നു.

ഇതാദ്യമായല്ല ഒരു അമേരിക്കന്‍ പ്രസിഡന്റ് തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മാപ്പ് നല്‍കുന്നത്. 1985ലെ കൊക്കെയ്ന്‍ കേസില്‍ 2001ല്‍ ബില്‍ ക്ലിന്റണ്‍ തന്റെ അര്‍ദ്ധസഹോദരന്‍ റോജര്‍ ക്ലിന്റന് മാപ്പ് നല്‍കിരുന്നു.

2020ല്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവിന്റെ അച്ഛനായ ചാള്‍സ് കുഷ്നര്‍ക്ക് മാപ്പ് നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിലെ യു.എസ് അംബാസഡറായി കുഷ്നറെ നിയമിക്കുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlight: Joe Biden officially pardoned his son, including criminal charges

We use cookies to give you the best possible experience. Learn more