| Friday, 7th October 2022, 4:08 pm

'ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെച്ചവര്‍ ജയിലില്‍ കിടക്കേണ്ടതില്ല'; മാപ്പ് അനുവദിച്ച് ബൈഡന്‍, ഫെഡറല്‍ നിയമത്തില്‍ മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് അനുവദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതിന് വേണ്ടി ഫെഡറല്‍ നിയമത്തില്‍ മാറ്റം വരുത്താനാണ് നീക്കം.

ഇത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് ബൈഡന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഞ്ചാവ് കൈവശം വെച്ചതിന്റെ പേരില്‍ അറസ്റ്റിലായതിലൂടെ നിരവധി പേര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നഷ്ടപ്പെട്ടെന്ന വിലയിരുത്തലിന്റെ സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റിന്റെ നടപടി. ഈ ‘ഫെഡറല്‍ മാപ്പ്’ ജനങ്ങള്‍ക്ക് തൊഴില്‍, ഭവനം, വിദ്യാഭ്യാസം എന്നിവ എളുപ്പമാക്കുമെന്നും ബൈഡന്‍ പറഞ്ഞു.

വെളുത്ത വംശജരല്ലാത്ത ആളുകള്‍ കഞ്ചാവിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിസാരമായ അളവില്‍ കഞ്ചാവ് കൈവശം വെച്ചതിന് ഫെഡറല്‍ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട 6,500 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.

കഞ്ചാവ് കൈവശം വച്ചതിന് മാത്രം നിലവില്‍ ആരും യു.എസിലെ ഫെഡറല്‍ ജയിലില്‍ ഇല്ല. മിക്ക ശിക്ഷകളും സ്റ്റേറ്റ് ലെവലിലാണ് നല്‍കുന്നത്.

”മരിജുവാന കൈവശം വെച്ചതിന് ആളുകളെ ജയിലിലടക്കുന്നത് നിരവധി ജീവിതങ്ങളെ പ്രതികൂലമായി ബാധിച്ചു, ഇനിയും പല സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടില്ലാത്ത ഈ പെരുമാറ്റത്തിന്റെ പേരില്‍ നിരവധി പേരെ തടവിലാക്കി,” ബൈഡന്‍ വ്യാഴാഴ്ച പറഞ്ഞു.

കഞ്ചാവ് ഉപയോഗം കുറ്റകരമല്ലാതാക്കുമെന്നും ശിക്ഷാവിധികള്‍ ഇല്ലാതാക്കുമെന്നും യു.എസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന സമയത്ത് ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം വന്‍തോതിലുള്ള കഞ്ചാവ് കടത്ത്, വിപണനം, പ്രായപൂര്‍ത്തിയായവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തല്‍ തുടങ്ങിയ കേസുകളില്‍ പ്രതികള്‍ക്ക് ഇളവ് നല്‍കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.

Content Highlight: Joe Biden issues federal pardons for simple possession of marijuana

We use cookies to give you the best possible experience. Learn more