| Friday, 22nd January 2021, 11:22 pm

ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ പദവിയില്‍ നിന്ന് നീക്കം ചെയ്ത് ജോ ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഉന്നതപദവികള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍.

മുന്‍പ്രസിഡന്റ് ബരാക് ഒബാമ അധികാരത്തിലിരുന്നപ്പോള്‍ വൈറ്റ് ഹൗസില്‍ പ്രധാന പദവി നിര്‍വഹിച്ചിരുന്ന സൊനാല്‍ ഷാ, ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അമിത് ജാനി എന്നിവരെയാണ് ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ ഒഴിവാക്കിയത്.

ഇരുവര്‍ക്കും ആര്‍.എസ്.എസ്, ബി.ജെ.പി ബന്ധങ്ങളുണ്ടെന്ന് 12ഓളം ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ ബൈഡന്‍ ഭരണകൂടത്തിന് സൂചന നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവരെ ഒഴിവാക്കുന്നതെന്ന് ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസില്‍ സജീവമായി ഇടപെട്ടിരുന്ന ഉസ്ര സേയ, സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ അമേരിക്കയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന സമീറ ഫാസിലിയ എന്നിവര്‍ ഇപ്പോഴും ബൈഡന്റെ സംഘത്തിലുണ്ട്.

ഡെമോക്രാറ്റുകളായ പല നേതാക്കള്‍ക്കും ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ സുപ്രധാന പദവികളില്‍ വരുന്നത് തടയണമെന്നും ആവശ്യപ്പെട്ട് 19ഓളം സംഘടനകള്‍ സംയുക്തമായി ബൈഡന് കത്ത് നല്‍കിയിരുന്നു.

ബൈഡന്റെ യൂണിറ്റി ടാസ്‌ക് ഫോഴ്‌സിലെ പ്രധാന അംഗമായിരുന്നു സൊനാല്‍ ഷാ. സൊനാലിന്റെ പിതാവ് ആര്‍.എസ്.എസ് മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകല്‍ വിദ്യാലയയുടെ സ്ഥാപകനാണ്.

ഒഴിവാക്കപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനായ അമിത് ജാനിയ്ക്ക് ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ജാനിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്ന് ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Joe Biden Eliminates Democrats Who Have RSS Roots

We use cookies to give you the best possible experience. Learn more