'പ്രതിഷേധക്കാരെന്ന് വിളിച്ചുപോകരുത്, തീവ്രവാദികളാണവര്‍'; ക്യാപിറ്റോള്‍ ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ബൈഡന്‍
World News
'പ്രതിഷേധക്കാരെന്ന് വിളിച്ചുപോകരുത്, തീവ്രവാദികളാണവര്‍'; ക്യാപിറ്റോള്‍ ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th January 2021, 4:31 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ ക്യാപിറ്റോള്‍ മന്ദിരം ആക്രമിച്ച ട്രംപ് അനുകൂലികളെ തീവ്രവാദികളെന്ന് വിളിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണം നടത്തിയവരെ ഒരിക്കലും പ്രതിഷേധക്കാരെന്ന് വിളിക്കാനാവില്ലെന്നും അവര്‍ കലാപകാരികള്‍ മാത്രമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘ഇന്നലെ നമ്മള്‍ കണ്ടത് വിയോജിപ്പോ ക്രമക്കേടോ പ്രതിഷേധമോ ആയിരുന്നില്ല. അത് അരാജകത്വമായിരുന്നു. അവരെ പ്രതിഷേധക്കാരെന്ന് വിളിച്ചുപോകരുത്. അവര്‍ കലാപകാരികളായ ആള്‍ക്കൂട്ടമായിരുന്നു. ആഭ്യന്തര തീവ്രവാദികളായിരുന്നു, അതുമാത്രമായിരുന്നു.

നമുക്കിത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഇതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്കെല്ലാവര്‍ക്കുമറിയാമായിരുന്നു. കാരണം നാല് വര്‍ഷമായി ജനാധിപത്യത്തെയും ഭരണഘടനവ്യവസ്ഥയെയും നിയമവ്യവസ്ഥയെയും അപമാനിച്ച ഒരാളായിരുന്നു നമ്മുടെ പ്രസിഡന്റ്. അയാള്‍ ചെയ്ത എല്ലാ കാര്യങ്ങളും നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ക്കുന്നതായിരുന്നു. അതിന്റെ എല്ലാ ഫലങ്ങളും ഒന്നിച്ചെത്തിയതാണ് നമ്മള്‍ ഇന്നലെ കണ്ടത്.’ ബൈഡന്‍ പറഞ്ഞു.

ജനാധിപത്യം ശിലിഥമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ അക്രമങ്ങളെന്ന് ജോ ബൈഡന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ‘ഈ ദിവസം ഒരു ഓര്‍മ്മപ്പെടുത്തലാണ്, ജനാധിപത്യം ദുര്‍ബലമായിരിക്കുന്നതിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തല്‍. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ല മനസ്സുള്ള ജനങ്ങള്‍ വേണം. ഉറച്ചുനില്‍ക്കാന്‍ ധൈര്യമുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പര്യത്തിനുമല്ലാതെ ജനങ്ങളുടെ നന്മക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണം അത്,’ ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യു.എസ് കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന പ്രതിഷേധത്തെ അപലപിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തിയിരുന്നു

ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്.

‘അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,” ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden calls the Capitol attacked Trump supporters terrorists