ബൈഡന് വീണ്ടും നാക്കുപിഴ; കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയ പ്രസിഡന്റെന്ന് വിശേഷിപ്പിച്ച് ജോ ബൈഡന്‍
World News
ബൈഡന് വീണ്ടും നാക്കുപിഴ; കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയ പ്രസിഡന്റെന്ന് വിശേഷിപ്പിച്ച് ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th May 2024, 6:40 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാക്കുപിഴ. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയ പ്രസിഡന്റ് എന്ന് വിശേഷിപ്പിക്കുകയായിരുന്നു ജോ ബൈഡന്‍. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഫണ്ട് റെയ്സിങ് പരിപാടിക്കിടെയാണ് ബൈഡന് നാക്കുപിഴച്ചത്.

പരിപാടിയില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും ബൈഡന്‍ ആരോപണങ്ങള്‍ ഉയര്‍ത്തി. റിപ്പബ്ലിക്കന്‍ ഭരണകാലത്ത് ട്രംപ് കിങ് ജോങ് ഉന്നിന് പ്രണയ ലേഖനമെഴുതിയെന്നും വൈറ്റ് ഹൗസില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും ബൈഡന്‍ പറഞ്ഞു.

കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തെയും ബൈഡന്‍ പരിഹസിച്ചു. കൊവിഡ് വരാതിരിക്കാന്‍ ബ്ലീച്ച് പോലുള്ള അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവയ്ക്കുകയോ മദ്യം പുരട്ടുകയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി ബൈഡന്‍ ട്രംപിനെ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍-അമേരിക്കന്‍ ശതകോടീശ്വരന്‍ വിനോദ് ഖോസ്ലയുടെ സിലിക്കണ്‍ വാലിയിലെ വസതിയില്‍ ആയിരുന്നു ധനസമാഹരണം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ 1.5 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ആദ്യമായിട്ടല്ല 81 വയസുള്ള ബൈഡന് നാക്കുപിഴവ് സംഭവിക്കുന്നത്. കൂടാതെ യു.എസിലെ പ്രത്യേക കൗണ്‍സിലര്‍ റോബര്‍ട്ട് ഹര്‍ മസ്തിഷ്‌ക ക്യാന്‍സര്‍ ബാധിച്ച് ഏത് വര്‍ഷമാണ് തന്റെ മകന്‍ ബ്യൂ ബൈഡന്‍ മരിച്ചത് എന്ന് പ്രസിഡന്റിന് ഓര്‍മയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ട് നിലവില്‍ ബൈഡന് ഒരു രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനുപുറമെ ജോ ബൈഡന് മറവിരോഗമായ അല്‍ഷിമേഴ്‌സുണ്ടെന്നും അത് ഒരു വ്യക്തിയുടെ താളം തെറ്റിക്കുമെന്നും ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിറിന്റെ മകന്‍ ഷുവേല്‍ ബെന്‍ ഗ്വിര്‍ മുമ്ബ് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.

Content Highlight: Joe Biden calls North Korean President Kim Jong Un the president of South Korea