വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാസ്‌ക് വേണ്ട; നിര്‍ണ്ണായക തീരുമാനവുമായി ബൈഡന്‍
World News
വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാസ്‌ക് വേണ്ട; നിര്‍ണ്ണായക തീരുമാനവുമായി ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th May 2021, 7:38 am

വാഷിംഗ്ടണ്‍: വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ പരസ്പരം അഭിവാദ്യം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും ബൈഡന്‍ പറഞ്ഞു. വൈറ്റ് ഹൗസ് സന്ദേശത്തിലാണ് ബൈഡന്റെ ഈ ആഹ്വാനം.

‘ഇതൊരു നാഴികകല്ലാണെന്ന് എനിക്ക് തോന്നുന്നു. ഒരു മഹത്തായ ദിനം,’ എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.

വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ മാത്രം മാസ്‌ക് ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിച്ചാല്‍ മതിയെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും ബൈഡന്‍ പറയുന്നു.

ഇനിയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായി ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ഫിനിഷിംഗ് ലൈനില്‍ എത്തുന്നതുവരെ എല്ലാവരും കരുതലോടെ ഇരിക്കുക. നമുക്കെല്ലാവര്‍ക്കും അറിയാം എത്രമാത്രം അപകടകാരിയാണ് ഈ വൈറസ് എന്ന്. സമ്പൂര്‍ണ്ണ വാക്‌സിനേഷനിലൂടെ മാത്രമെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ.

അതേസമയം അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 49 എണ്ണത്തിലും കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്നും ഇതൊരു ശുഭ സൂചനയാണെന്നും ബൈഡന്‍ പറഞ്ഞു.

എന്നാല്‍ 65 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ണ്ണമായിട്ടില്ലെന്നും അതുകൂടി പൂര്‍ത്തിയായാല്‍ മാത്രമെ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ച രീതിയിലേക്കെത്തുള്ളുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Joe Biden Calls Lifting Of Mask Rule