വാഷിംഗ്ടണ്‍: സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു. രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം അമേരിക്കയുടെ ഈ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ നിരോധിക്കണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്തും ടിക് ടോക് അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് അന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.