സുരക്ഷക്കായി എത്തിയ സൈനികര്‍ക്ക് കിടക്കേണ്ടി വന്നത് പാര്‍ക്കിംഗ് ഏരിയയില്‍; ഭരണം തുടങ്ങുന്നതിന് മുന്‍പേ മാപ്പ് പറയേണ്ടി വന്ന് ബൈഡന്‍
World News
സുരക്ഷക്കായി എത്തിയ സൈനികര്‍ക്ക് കിടക്കേണ്ടി വന്നത് പാര്‍ക്കിംഗ് ഏരിയയില്‍; ഭരണം തുടങ്ങുന്നതിന് മുന്‍പേ മാപ്പ് പറയേണ്ടി വന്ന് ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd January 2021, 10:03 am

വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികര്‍ക്ക് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജോ ബൈഡന്‍. താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സൈനികര്‍ക്ക് പരിസരത്തുള്ള പാര്‍ക്കിംഗ് ഏരിയയിലും മറ്റുമായി വെറും നിലത്ത് കിടക്കേണ്ടി വരികയായിരുന്നു.

സൈനികര്‍ തറയില്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരിനെതിരെ വലിയ രോഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. പല സംസ്ഥാന ഗവര്‍ണമാരും ട്രൂപ്പുകളെ തിരികെ വിളിച്ചു.

ടോയ്‌ലറ്റോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ സൈനികര്‍ക്ക് കഴിയേണ്ടി വരുന്നത് ഏറെ വിഷമിപ്പിക്കുന്നുവെന്നും നാടിന് നാണക്കേടാണെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങളുയര്‍ന്നിരുന്നു. കൊവിഡ് പടരാനുള്ള സാധ്യതയെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നിരുന്നു.

ഇതേ തുടര്‍ന്നാണ് ബൈഡന്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്. നാഷണല്‍ ഗാര്‍ഡ് ബ്യൂറോയുടെ ചീഫിനെ ഫോണില്‍ വിളിച്ചാണ് ബൈഡന്‍ മാപ്പ് പറഞ്ഞത്.

ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ബൈഡന്‍ പ്രസിഡന്റാകുന്ന ചടങ്ങിന് അതീവ സുരക്ഷയൊരുക്കിയിരുന്നു. 25,000 ട്രൂപ്പുകളാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ എത്തിയിരുന്നത്.

ട്രംപ് അനുകൂലികള്‍ ചടങ്ങില്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്തായിരുന്നു രാജ്യത്തെ സുരക്ഷാ സന്നാഹങ്ങളെയെല്ലാം തലസ്ഥാനത്ത് അണിനിരത്തിയത്. പല സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളിലും സമാനമായ രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden apologises over troops sleeping in car park