ജോര്‍ജ് സോറസിനും ഹിലരി ക്ലിന്റണും മെസിക്കുമടക്കം 19 പേര്‍ക്ക് യു.എസിലെ പരമോന്നത ബഹുമതി പ്രഖ്യാപിച്ച് ജോ ബൈഡന്‍
World News
ജോര്‍ജ് സോറസിനും ഹിലരി ക്ലിന്റണും മെസിക്കുമടക്കം 19 പേര്‍ക്ക് യു.എസിലെ പരമോന്നത ബഹുമതി പ്രഖ്യാപിച്ച് ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th January 2025, 9:35 am

വാഷിങ്ടണ്‍: യു.എസിലെ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയും ഡെമോക്രാറ്റിക് നേതാവുമായ ഹിലരി ക്ലിന്റണ്‍, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി, യു.എസ് ശതകോടീശ്വരനും രാഷ്ട്രീയക്കാരനുമായ ജോര്‍ജ് സോറസ്, അന്തരിച്ച മുന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ എന്നിങ്ങനെ 19 പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

രാഷ്ട്രീയം, കായികം, വിനോദം, പൗരാവകാശം, എല്‍.ജി.ബി.ടി.ക്യൂ+, നിയമം, ശാസ്ത്രം എന്നീ മേഖലകളിലെ ഏറ്റവും പ്രസിദ്ധരായ 19 പേര്‍ക്കാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രഖ്യാപിച്ചത്.

‘പ്രസിഡന്റ് എന്ന നിലയില്‍ അവസാനമായി, നമ്മുടെ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് ഫ്രീഡം, അമേരിക്കയുടെ സംസ്‌കാരവും ലക്ഷ്യവും രൂപപ്പെടുത്തുന്നതിന് കഠിന പ്രയത്‌നം ചെയ്ത ഒരു കൂട്ടം അസാധാരണരായ ആളുകള്‍ക്ക് നല്‍കി,’ പുരസ്‌ക്കാരം സമ്മാനിക്കവെ ബൈഡന്‍ പറഞ്ഞു.

ഹിലരി ക്ലിന്റണ് പുരസ്‌ക്കാരം സമ്മാനിക്കുമ്പോള്‍ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണും മക്കളും കൊച്ചു മക്കളുമെല്ലാം സമീപത്ത് ഉണ്ടായിരുന്നു.

യു.എസ് ശതകോടീശ്വരനും നിക്ഷേപകനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകനുമായ ജോര്‍ജ് സോറസും പുരസ്‌ക്കാര ജേതാവാണ്. സോറോസിന്റെ മകന്‍ അലക്‌സ് സോറോസാണ് പിതാവിന് വേണ്ടി മെഡല്‍ സ്വീകരിച്ചത്. ‘അമേരിക്കയില്‍ സ്വാതന്ത്ര്യവും സമൃദ്ധിയും കണ്ടെത്തിയ ഒരു കുടിയേറ്റക്കാരന്‍ എന്ന നിലയില്‍, ഈ ബഹുമതി എന്നില്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നു,’ ഇ മെയില്‍ സന്ദേശത്തില്‍ സോറസ് പറഞ്ഞു

ജോര്‍ജ് സോറസ് ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, വിദ്യാഭ്യാസം, സാമൂഹിക നീതി എന്നിവയെ ശക്തിപ്പെടുത്തുന്ന ലോകമെമ്പാടുമുള്ള സംഘടനകളെയും പദ്ധതികളെയും പിന്തുണച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്‌ക്കാരമെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

മരണാനന്തര ബഹുമതിയായി നാല് പേര്‍ക്ക് മെഡലുകള്‍ ലഭിച്ചു. മിഷിഗണ്‍ ഗവര്‍ണറായും ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ജോര്‍ജ് ഡബ്ല്യു റോംനി, മുന്‍ അറ്റോര്‍ണി ജനറലായ റോബര്‍ട്ട് എഫ്. കെന്നഡി, മുന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍, മിസിസിപ്പി ഫ്രീഡം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകന്‍ ഫാനി ലൂ ഹാമര്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്.

ലയണല്‍ മെസി, വിരമിച്ച ലോസ് ആഞ്ചല്‍സ് ലേക്കേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസവും വ്യവസായിയുമായ ഇര്‍വിന്‍ ജോണ്‍സണ്‍, പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണത്തിനും വികസനത്തിനും വേണ്ടി പരസ്യമായി വാദിച്ച നടന്‍ മൈക്കല്‍ ജെ. ഫോക്‌സ്, വില്യം സാന്‍ഫോര്‍ഡ് നൈ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല.

ഇവര്‍ക്ക് പുറമെ ജെയ്ന്‍ ഗുഡാല്‍, വോഗ് മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫ് അന്ന വിന്റൂര്‍, അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന്‍, അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ ജോര്‍ജ് സ്റ്റീവന്‍സ് ജൂനിയര്‍, സംരംഭകനും എല്‍.ജി.ബി.ടി.ക്യൂ+ ആക്ടിവിസ്റ്റായ ടിം ഗില്‍, കാര്‍ലൈല്‍ ഗ്രൂപ്പ് സഹസ്ഥാപകനായ ഡേവിഡ് റൂബെന്‍സ്റ്റീന്‍, മെഡ്ഗര്‍ എവേഴ്‌സ്, ഹൗസ് സ്പീക്കര്‍ എമെരിറ്റ നാന്‍സി പെലോസി, സൗത്ത് കരോലിനയിലെ ജനപ്രതിനിധി ജെയിംസ് ക്ലൈബേണ്‍, നടന്‍ മിഷേല്‍ യോ എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈനിക വിദഗ്ധര്‍ക്കും നിയമപാലകര്‍ക്കും മറ്റ് പ്രഗല്‍ഭരായ അമേരിക്കക്കാര്‍ക്കും ജോ ബൈഡന്‍ അവാര്‍ഡുകളും മെഡലുകളും നല്‍കി വരുന്നുണ്ട്.

Content Highlight: Joe Biden Announces Highest US Honor Medal of Freedom for 19 People, Including Hillary Clinton, Messi and George Soares