ജോ ബൈഡനും ഇറാഖ് യുദ്ധവും | നാസിറുദ്ദീന്‍
Discourse
ജോ ബൈഡനും ഇറാഖ് യുദ്ധവും | നാസിറുദ്ദീന്‍
നാസിറുദ്ദീന്‍
Sunday, 8th November 2020, 5:34 pm

ജയിച്ച സ്ഥാനാര്‍ത്ഥിക്ക് ഇല്ലാത്ത ഗുണഗണങ്ങള്‍ ഉണ്ടാക്കുന്ന പരിപാടി സ്ഥിരമായി കാണാറുള്ളതാണ്. മാധ്യമങ്ങളില്‍ മാത്രമല്ല നവമാധ്യമങ്ങളിലും. ചിലപ്പോഴത് നിരുപദ്രവകരമായ ‘ഇഷ്ട ഭക്ഷണമായ പുട്ടും കടലയും’ പോലുള്ള പൈങ്കിളി വാര്‍ത്തകളാണെങ്കില്‍ ചിലപ്പോഴെങ്കിലും അപകടകരവും തീര്‍ത്തും വാസ്തവ വിരുദ്ധവുമായ മഹത്വവത്കരണമാവാറുണ്ട്.

നിയുക്ത പ്രസിഡന്റ് ബൈഡന്‍ ‘ഇറാഖ് യുദ്ധത്തിനെതിരായി നിലപാടെടുത്തു’ എന്ന രീതിയില്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകളും വിശകലനങ്ങളും രണ്ടാമത്തെ കാറ്റഗറിയില്‍ പെട്ടതാണ്. ബൈഡന്റെ ഇതുമായി ബന്ധപ്പെട്ട വോട്ടുകളും പ്രസ്താവനകളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്, 1991ലെ ഗള്‍ഫ് യുദ്ധത്തെ എതിര്‍ത്ത ബൈഡന്‍ അതീവ നിര്‍ണായകവും കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും ഭീകര പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ചെയ്ത ബുഷിന്റെ 2003 ലെ ഇറാഖ് യുദ്ധത്തെ/അധിനിവേശത്തെ ശക്തമായി പിന്തുണച്ചു.

രണ്ട്, ബൈഡന്‍ അടിസ്ഥാനപരമായി അമേരിക്കന്‍ സാമ്രാജ്യത്ത താല്‍പര്യങ്ങളുടെ ഭാഗമായ സൈനിക ഇടപെടലുകള്‍ക്കോ യുദ്ധങ്ങള്‍ക്കോ എതിരല്ല. അമേരിക്കന്‍ സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിലെ പ്രായോഗിക തലത്തിലെ പരാജയങ്ങളോ പരാജയ സാധ്യതകളോ മാത്രമാണ് ബൈഡനെ എതെങ്കിലും യുദ്ധത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

2003 ലെ ഇറാഖ് അധിനിവേശത്തിലെ ബൈഡന്റെ നിലപാടുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാവും. ‘കൂട്ട നശീകരണായുധങ്ങളുടെ വന്‍ ശേഖരം’ സദ്ദാം ഹുസൈന് ഉണ്ടെന്നും അത് അല്‍ ഖായിദ പോലുള്ള തീവ്രവാദികളിലേക്ക് എത്തി അമേരിക്കക്ക് എതിരായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നതായിരുന്നു യുദ്ധത്തിന് ന്യായീകരണമായി ബുഷും കൂട്ടരും പറഞ്ഞിരുന്നത്. അന്ന് തന്നെ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ വിഷയത്തില്‍ തെളിവിന്റെ കണിക പോലുമില്ലാതെയായിരുന്നു ബുഷ് ഈ പച്ച നുണ തട്ടി വിട്ടത്. പക്ഷേ സെനറ്റിലെ നിര്‍ണായകമായ ‘ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി’ ചെയര്‍മാന്‍ ആയിരുന്ന ബൈഡന് ബുഷിന്റെ തീര്‍ത്തും അടിസ്ഥാന രഹിതമായ വാദങ്ങള്‍ വിശ്വാസമായിരുന്നു.

2002 ഒക്ടോബറിലാണ് ഇറാഖിലെ സൈനിക ഇടപെടലിന് ബുഷിന് അധികാരം നല്‍കുന്ന പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ് സംയുക്തമായി പാസാക്കുന്നത്. ബൈഡന്‍ അടക്കമുള്ള 29 ഡെമോക്രാറ്റുകള്‍ ബുഷിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസാവുന്നത്. പിന്നീട് നവംബര്‍ തൊട്ട് 2003 മാര്‍ച്ച് വരെ യു.എന്‍ ആയുധ പരിശോധനാ സംഘം 700 തവണയായി ഇറാഖ് മുഴുവന്‍ അരിച്ച് പെറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇല്ലാത്ത ഒന്ന് കണ്ടെത്താന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം.

ഇറാഖില്‍ പത്ത് വര്‍ഷത്തോളം യു.എന്‍ പരിശോധനാ സംഘത്തിലെ പ്രധാനിയായിരുന്ന അമേരിക്കന്‍ ആയുധ വിദഗ്ദന്‍ സ്‌കോട്ട് റിറ്റര്‍ ബുഷിന്റെ വാദങ്ങളെ തുടക്കം തൊട്ട് ഖണ്ഡിച്ചു. റിറ്ററിനെ ഔദ്യോഗികമായി സിറ്റിംഗിന് വിളിച്ച നാറ്റോവിലെ 9 രാജ്യങ്ങള്‍ ബുഷിനോട് പിന്‍മാറാനായി കത്തെഴുതി. യു.എന്‍, നാറ്റോ പിന്തുണയൊന്നും ഔദ്യോഗികമായി ഒപ്പിക്കാനാവാത്തതിനാല്‍ അമേരിക്ക കൂടാതെ അടിമ ബ്ലയറിന്റെ ബ്രിട്ടനും ആസ്‌ത്രേലിയയും പോളണ്ടും മാത്രം. (പഴയ അമേരിക്കന്‍ നയതന്ത്ര വിദഗ്ദയായ മെഡലിന്‍ ഓള്‍ബ്രൈറ്റിന്റെ വാക്കുകള്‍ ഓര്‍ക്കാം, ‘സാധിക്കുമ്പോഴെല്ലാം ഞങ്ങളുടെ ഇടപെടലുകള്‍ മറ്റുള്ളവരെ കൂട്ടിയായിരിക്കും ; ഒറ്റക്ക് ചെയ്യേണ്ടി വന്നാല്‍ അങ്ങനെ ചെയ്യും’).

2003 മാര്‍ച്ചില്‍ യുദ്ധം തുടങ്ങി. പ്രതീക്ഷിച്ച പോലെ കൂട്ട നശീകരണായുധം പോയിട്ട് സാദാ ആയുധം പോലുമില്ലാത്ത സദ്ദാം പെട്ടെന്ന് തോറ്റമ്പി. നിരപരാധികളായ പതിനായിരങ്ങള്‍ക്ക് ജീവന്‍ പോയി. അതിലേറെ പേര്‍ക്ക് ജീവിതവും പോയി. അധിനിവേശ സൈന്യം അഴിഞ്ഞാടി.
ചോംസ്‌കി മുമ്പൊരിക്കല്‍ ഫല്ലൂജ കൂട്ടക്കൊലയെ കുറിച്ച് പറഞ്ഞതില്‍ നിന്ന് അധിനിവേശ സേനയുടെ ക്രൂരതയുടെ ആഴം മനസ്സിലാവും.

‘ഫല്ലൂജയിലേക്ക് നമ്മള്‍ ഒരിക്കല്‍ക്കൂടി ഒന്ന് സൂക്ഷിച്ചു നോക്കുക. ഇരുപത്തൊന്നാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും വലിയ ഹിംസാത്മക അതിക്രമങ്ങളില്‍ ഒന്നായിരുന്നു അത്. ഇറാഖ് യുദ്ധം ഇരുപത്തൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ക്രിമിനല്‍ പ്രവൃത്തിയിരുന്നു, അതിന്റെ ഭാഗമായ ഏറ്റവും വലിയ യുദ്ധക്കുറ്റം ആയിരുന്നു ഫല്ലൂജ. ഏഴായിരം അമേരിക്കന്‍ സൈനികര്‍ ആണ് ഫല്ലൂജ പട്ടണം ആക്രമിച്ചത്. നാട്ടുകാരെയെല്ലാം അവര്‍ കലാപകാരികള്‍ ആയി കണക്കാക്കുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് പത്രം അതിന്റെ മുന്‍ പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ ചിത്രം തന്നെ അമേരിക്കന്‍ പട്ടാളക്കാര്‍ ഫല്ലൂജ ജനറല്‍ ആശുപത്രിയില്‍ ഇരമ്പി ക്കയറി മുഴുവന്‍ രോഗികളെയും ഡോക്ടര്‍ മാരെയും തറയില്‍ ഇരുത്തി ബന്ധനസ്ഥരാക്കുന്നതിന്റെയായിരുന്നു; യുദ്ധക്കുറ്റം ആയ ഈ പ്രവൃത്തിയെ അവര്‍ വിജയമായി ആഘോഷിക്കുകയായിരുന്നു. ആശുപത്രിയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് ചോദിച്ച വര്‍ക്ക് അമേരിക്കന്‍ സൈനിക ഹൈക്കമാണ്ടില്‍ നിന്ന് ലഭിച്ച മറുപടി പ്രസ്തുത ആശുപത്രി കലാപകാരികളുടെ പ്രചാരണ കേന്ദ്രം ആയിരുന്നുവെന്നും, അവിടെനിന്നാണ് കൊല്ലപ്പെടുന്നവരുടെ എണ്ണം പുറത്ത് വിടുന്നതെന്നും ആണ്.’ – ചോംസ്‌കി

നോം ചോംസ്‌കി

യുദ്ധവും അധിനിവേശ സേനയുടെ ക്രൂരതകളും പിന്നീട് ഐസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായി. ഐസിസിന്റെ മുതിര്‍ന്ന 30 നേതാക്കളില്‍ 18 പേരും അധിനിവേശ സമയത്ത് അമേരിക്ക ഇറാഖില്‍ ഒരുക്കിയ ക്യാമ്പ് ബുക്കാ ജയിലില്‍ നിന്നായിരുന്നു. ഭരണകൂട ഭീകരതയുടെ അവസാന വാക്കായി എല്ലാ മനുഷ്യാവകാശ സംഘടനകളും വിശേഷിപ്പിച്ചതും ഈ ക്യാമ്പ് ബുക്കാ ജയിലിനെയാണെന്നത് യാദൃശ്ചികമല്ല. പിന്നീട് വന്ന മാലിക്കി സര്‍ക്കാര്‍ ജനാധിപത്യപരമായ എല്ലാ പ്രക്ഷോഭങ്ങളേയും അടിച്ചമര്‍ത്തുക കൂടി ചെയ്തപ്പോള്‍ തീര്‍ത്തും നിരാശരായ യുവാക്കളാണ് തെരുവില്‍ ബാക്കിയായത്. ഈ സാഹചര്യത്തിലാണ് അതുവരെ ഇറാഖിലോ സിറിയയിലോ പറയത്തക്ക സ്വാധീനം ഇല്ലാതിരുന്ന വഹാബിസ്റ്റ് ആശയധാരകള്‍ കടന്നു വരുന്നത്. ഇറാന്‍-ഷിയാ ചേരിയെ തകര്‍ക്കാന്‍ വേണ്ടി സൗദി ഭരണകൂടം പടച്ചു വിട്ട വഹാബിസ്റ്റ് തീവ്ര സംഘങ്ങളായിരുന്നു ഐസിസിന്റെ ആദ്യ രൂപങ്ങള്‍

ബൈഡനിലേക്ക് തിരിച്ചു വരാം. യുദ്ധം കഴിഞ്ഞ ശേഷവും ബൈഡന് മനം മാറ്റം വന്നില്ല. യുദ്ധത്തിനനുകൂലമായ തന്റെ വോട്ട് ശരിയായ തീരുമാനമായിരുന്നുവെന്ന് ആവര്‍ത്തിച്ചു. ഒരവസരം കിട്ടിയാല്‍ അതേ വോട്ട് തന്നെ ഇന്നും ആവര്‍ത്തിക്കുമെന്ന് 2003 ജൂലൈയില്‍ പറഞ്ഞു. പിന്നീട്  2005 ലാണ് ബൈഡന്‍ ആദ്യമായി തീരുമാനം തെറ്റായിരുന്നു എന്ന് സമ്മതിക്കുന്നത്. പക്ഷേ അപ്പോഴും കുറ്റം ബുഷിന്റെ മാത്രം തലയിലിട്ടു. തങ്ങള്‍ (അനുകൂലമായി കോണ്‍ഗ്രസില്‍ വോട്ട് ചെയ്തവര്‍) നല്‍കിയ അധികാരം ബുഷ് ‘ദുരുപയോഗം’ ചെയ്തതാണ് പ്രശ്‌നമായതെന്ന് പറഞ്ഞു. ‘ഈ ഭരണകൂടത്തിന് എന്തെങ്കിലും കഴിവുണ്ടെന്ന് വിശ്വസിച്ചതായിരുന്നു തന്റെ പിശക്’ എന്ന് 2007 ല്‍ പറഞ്ഞു.

വോട്ടില്‍ മാത്രം ഒതുങ്ങി നിന്നില്ല ബൈഡന്റെ വീഴ്ച. 2006 ല്‍ ഇറാഖ് പ്രശ്‌നത്തിനുള്ള പരിഹാരമായി ബൈഡന്‍ നിര്‍ദേശിച്ചത് രാജ്യത്തെ മൂന്ന് സ്വയം ഭരണ മേഖലകളായി വിഭജിക്കുക എന്നതായിരുന്നു. സുന്നി, ശിയാ, കുര്‍ദ് വിഭാഗങ്ങള്‍ക്കായി ഓരോ മേഖല എന്നതായിരുന്നു ബൈഡന്റെ കൊളോണിയല്‍ ഹാങ്ങോവറില്‍ നിന്ന് വന്ന അങ്ങേയറ്റം അപകടകരമായ നിര്‍ദേശത്തിന്റെ കാതല്‍.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ബൈഡന്റെ വോട്ട് വീണ്ടും ചര്‍ച്ചയായി. ബൈഡനെ പോലെ താനും ബുഷിന്റെ നുണകള്‍ കേട്ടിരുന്നെങ്കിലും അത് തള്ളിക്കളയുകയായിരുന്നുവെന്ന് ബേണി സാന്‍ഡേഴ്‌സ് ഒരു സംവാദത്തില്‍ തുറന്നടിച്ചു. കൃത്യമായ ഒരു നുണയായിരുന്നു ബൈഡന്റെ മറുപടി. താന്‍ വോട്ട് ചെയ്തിരുന്നത് ആയുധ പരിശോധന നടത്താന്‍ ആവശ്യമെങ്കില്‍ സൈനിക നടപടിയാവാം എന്ന നിലക്കായിരുന്നു, അല്ലാതെ യുദ്ധത്തിന് ആയിരുന്നില്ല എന്നാണ് ബൈഡന്‍ പറഞ്ഞത്.

ബൈഡന്റെ ഈ വാദത്തെ ‘പച്ച നുണ’ എന്നായിരുന്നു സ്‌കോട്ട് റിറ്റര്‍ വിശേഷിപ്പിച്ചത്. വോട്ടും അതിന്റെ ബാക്കി പ്രത്രമായ യുദ്ധങ്ങളും കഴിഞ്ഞ് പതിറ്റാണ്ടിലധികം കഴിഞ്ഞപ്പോഴാണ് ബൈഡന് ഇങ്ങനെയൊരു വാദം തന്നെ വരുന്നത് ! 2002 ഏപ്രിലില്‍ തന്നെ ബുഷിന്റെ ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി പോള്‍ വോള്‍ഫവിറ്റ്‌സിന്റെ നേതൃത്വത്തില്‍ നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധത്തിനനുകൂലമായി നിലപാടെടുപ്പിക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു. വോള്‍ഫവിറ്റ്‌സിന്റെ വാദങ്ങള്‍ക്ക് മറുപടിയായാണ് വിഷയത്തിലെ ആധികാരിക ശബ്ദം എന്ന നിലയില്‍ സ്‌കോട്ട് റിറ്ററിനെ നാറ്റോ ക്ഷണിക്കുന്നതും റിറ്ററിന്റെ അഭിപ്രായമാരായുന്നതും. ഇതിന്റെ അടിസ്ഥാനത്തിലാണ് വോള്‍ഫവിറ്റ്‌സന്‍ തങ്ങളോട് കള്ളം പറഞ്ഞതായി പറയുകയും യുദ്ധത്തിനെതിരായി ബുഷിന് ഒദ്യോഗികമായി കത്തെഴുതുന്നതും.

ജോര്‍ജ് ഡബ്ല്യു ബുഷ്‌

പിന്നീട് താരതമ്യേന അപ്രസക്തമായ 2007 ലെ ഇറാഖിലെ സൈനിക സാന്നിധ്യം കൂട്ടാനുള്ള നീക്കത്തെ എതിര്‍ത്തതാണ് ബൈഡന്‍ ഇപ്പോള്‍ എടുത്ത് പറയുന്നത്. പക്ഷേ ഈ നിമിഷം വരെ താന്‍ കൂടി ഉത്തരവാദിയായ ഇറാഖിലെ അമേരിക്കന്‍ സൈനിക ഇടപെടലുകള്‍ ധാര്‍മികപരമായും അടിസ്ഥാനപരമായും തെറ്റാണെന്ന് പറഞ്ഞതായി അറിയില്ല. പ്രായോഗിക തലത്തില്‍ നടപ്പിലാക്കിയതിലെ കഴിവുകേടുകളേയും വീഴ്ചകളേയുമാണ് ബൈഡന്‍ വിമര്‍ശന വിധേയമാക്കിയത്. ബൈഡന്റെ കുംബസാരത്തിന് സാമ്യം വിയറ്റ്‌നാം യുദ്ധത്തിലെ കുപ്രസിദ്ധ ഡിഫന്‍സ് സെക്രട്ടറി റോബര്‍ട്ട് മക്‌നാമറയുടെ കുറ്റസമ്മതത്തോടാണ്. ഒരുപാട് അമേരിക്കന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതിലായിരുന്നു മക്‌നാമറയുടെ സങ്കടം, സാമ്രാജ്യത്ത താല്‍പര്യങ്ങളുടെ ഭാഗമായി നിരപരാധികളെ കൊന്നൊടുക്കിയതിലല്ല.

ബൈഡനെ പിന്തുണക്കാനും വിജയത്തില്‍ സന്തോഷിക്കാനും ഒരു പാട് ന്യായങ്ങളുണ്ട്. വംശീയതയുടേയും അഹങ്കാരത്തിന്റെയും ഭ്രാന്തന്‍ നയങ്ങളുടേയും പ്രതിരൂപമായ ട്രംപായിരുന്നു എതിരാളി എന്നത് തന്നെ ധാരാളം. പക്ഷേ ബൈഡന്‍ ആരാണെന്നും എവിടെയാണ് നില്‍ക്കുന്നതെന്നുമുള്ള കൃത്യമായ ബോധം ആവശ്യമാണ്. അമേരിക്കന്‍ ‘സിസ്റ്റത്തിന്റെ’ ഭാഗം മാത്രമായ ബൈഡനില്‍ നിന്ന് അമിത പ്രതീക്ഷകള്‍ ഒഴിവാക്കാനും ഈ തിരിച്ചറിവുകള്‍ അനിവാര്യമാണ്. ബൈഡന്‍ പിന്തുടര്‍ന്നിരുന്ന ഇറാഖ് നയങ്ങള്‍ മറ്റെന്തിനെക്കാളുമധികം അമേരിക്കന്‍ സിസ്റ്റത്തിന്റെ ഭാഗമായ ഒരു ശരാശരി രാഷ്ട്രീയക്കാരനെ അടയാളപ്പെടുത്തുന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden and Iraq War