ജോഡോ യാത്രയാണ് 2022ലെ ബെസ്റ്റ് മൊമെന്റെന്ന് രമേഷ് പിഷാരടി; അവതാരകയുടെ മറുപടി കേട്ടപ്പോള്‍ തിരുത്തി
Film News
ജോഡോ യാത്രയാണ് 2022ലെ ബെസ്റ്റ് മൊമെന്റെന്ന് രമേഷ് പിഷാരടി; അവതാരകയുടെ മറുപടി കേട്ടപ്പോള്‍ തിരുത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th January 2023, 10:11 pm

അഭിനയത്തിന് പുറമേ തന്റെ രാഷ്ട്രീയ പക്ഷവും തുറന്ന് പറയുന്ന താരമാണ് രമേഷ് പിഷാരടി. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള തന്റെ അനുഭാവം തുറന്ന് പറഞ്ഞിട്ടുള്ള പിഷാരടി തെരഞ്ഞെടുപ്പ് സമയത്ത് പല കോണ്‍ഗ്രസ് വേദികളിലും പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലും രമേഷ് പിഷാരടി പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നതാണ് 2022ലെ ഏറ്റവും മികച്ച നിമിഷമെന്ന് പറയുകയാണ് രമേഷ് പിഷാരടി. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിഷാരടിയുടെ പരാമര്‍ശങ്ങള്‍.

2022ലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഏതാണെന്നായിരുന്നു അവതാരകയുടെ ചോദ്യം. രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടന്നത് എന്നാണ് പിഷാരടി പറഞ്ഞത്. ഇത് കേട്ട അവതാരക ഈ വര്‍ഷത്തെ കാര്യമാണ് ചോദിച്ചതെന്ന് പറഞ്ഞു. ഈ വര്‍ഷമല്ലേ നടന്നത്, താന്‍ അമേരിക്കയിലാണോ ജീവിക്കുന്നത് എന്ന് രമേഷ് പിഷാരടി തിരിച്ച് ചോദിച്ചു. ഞാന്‍ രാജീവ് ഗാന്ധിയെന്നാണ് കേട്ടതെന്നായി അവതാരക. രാജീവ് ഗാന്ധിയെന്നാണോ കേട്ടത്, മറ്റേത് മായ്‌ച്ചോ ഇതാണ് ഏറ്റവും ബെസ്റ്റ് മൊമന്റ്, ഈ വര്‍ഷം തീരാന്‍ നേരം ഇതുപോലെ ഒരു സാധനം വേറെ കിട്ടില്ല. എന്ന് രമേഷ് പിഷാരടി പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം എന്ന ചിത്രത്തിലാണ് രമേഷ് പിഷാരടി ഒടുവില്‍ അഭിനയിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തിലുള്ള തന്റെ നിലപാടും പിഷാരടി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

‘എന്റെ വ്യക്തിപരമായ നിലപാടിന് ഇവിടെ പ്രസക്തിയില്ല. ഒരുപാട് പേര്‍ പിടിച്ചുനില്‍ക്കുന്ന വിശ്വാസത്തിന്റെ, അതില്‍ ജീവിക്കുന്ന കുറെ ആളുകളുണ്ട്. എനിക്ക് പുരോഗമനമുണ്ട് അല്ലെങ്കില്‍ എനിക്ക് വളരെയധികം ചിന്ത കൂടിയിട്ടുണ്ട് എന്ന് കരുതി എന്റെ ചിന്ത മറ്റൊരാളിലേക്ക് കടത്താനാവില്ല.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി എതിര്‍പ്പൊന്നുമില്ല. പക്ഷേ അതുകൊണ്ട് നാളെ ഞാന്‍ നാല് സ്ത്രീകളെ അവിടെ കയറ്റണമെന്നും നിര്‍ബന്ധമില്ല. അത് അവരുടെ ചോയ്സ് ആണല്ലോ. എനിക്ക് ഇതൊരു വിഷയമാണോ അല്ലയോ എന്നത് അവിടെ വിഷയമല്ല. അവിടെ എന്താണോ വിഷയം അതിനാണ് പ്രസക്തി കൂടുതല്‍.

ഇവിടെ ഒരു സമൂഹമുണ്ട്. അതിലേക്ക് ജനിച്ചു വീഴുന്ന ഓരോ കുട്ടിയേയും പത്തിരുപത് വര്‍ഷം ട്രെയ്ന്‍ ചെയ്തെടുക്കുകയാണ്. ആളുകള്‍ കൂടി സമൂഹം ഉണ്ടായതൊക്കെ പതിനായിരം വര്‍ഷം മുമ്പാണ്. വളരെ സിസ്റ്റമാറ്റിക്കായ ഒരു സമൂഹം ഇവിടെയുണ്ട്. ഇവിടെ ജനിക്കുന്ന ഓരോ കൊച്ചിനേയും അതിലേക്ക് എടുക്കുകയാണ്.’ പിഷാരടി പറഞ്ഞു.

Content Highlight:Jodo Yatra with Rahul Gandhi is the best moment of 2022, says Ramesh Pisharadi