ജയ്പൂര്‍: നാലുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. റമദാനില്‍ അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി മകളെ ബലി നല്‍കിയതാണെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.
“റമദാനിലെ ബലിയായാണ്” കൊലപാതകം നടത്തിയതെന്ന് 26 കാരനായ നവാബ് അലി ഖുറേഷി പറഞ്ഞതായി ജോധ്പൂര്‍ റൂറല്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാജന്‍ ദുഷ്യന്ത് പറഞ്ഞു.
ജോധ്പൂര്‍ ജില്ലയിലെ പിപാദിലാണ് സംഭവം നടന്നത്. ” ഞാനൊരു നമാസിയാണ്. എന്റെ ജീവനേക്കാള്‍ ഞാന്‍ എന്റെ മകളെ സ്‌നേഹിക്കുന്നു. ഞാന്‍ മകളെ ബലിയായി നല്‍കി.” എന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്.
വ്യാഴാഴ്ച മുത്തശ്ശിയുടെ വീട്ടില്‍ നിന്നും ഖുറേഷി മകളെ വിളിച്ചുകൊണ്ടുവരികയായിരുന്നു. രാത്രി കുടുംബത്തിലെ ബാക്കിയുള്ളവരെല്ലാം ഉറങ്ങുന്ന സമയത്ത് ഇയാള്‍ കുട്ടിയെ വരാന്തയിലേക്ക് കൊണ്ടുവന്നു. പിന്നീട് മടിയില്‍ ഇരുത്തി ചില വാചകങ്ങള്‍ ഉരുവിട്ടശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയെ അന്വേഷിച്ച ഖുറേഷിയുടെ ഭാര്യ ഷബ്‌ന വീട്ടിലെ തറയില്‍ മൃതദേഹം കാണുകയായിരുന്നു.
പിതാവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫോറന്‍സിക് സംഘം കൃത്യം നടന്ന വീട്ടിലെത്തി രക്തക്കറയും മറ്റ് തെളിവുകളും ശേഖരിച്ചു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസ് പിതാവിനെ സംശയിച്ചത്.