പ്ലേറ്റിലേക്കിടുന്ന എ.സിയും പറന്നുപോകുന്ന വിഗ്ഗും അളിഞ്ഞ ഹില്‍ടോപ്പ് കോമഡിയും; എയറിലായി കേശുവേട്ടന്‍
Film News
പ്ലേറ്റിലേക്കിടുന്ന എ.സിയും പറന്നുപോകുന്ന വിഗ്ഗും അളിഞ്ഞ ഹില്‍ടോപ്പ് കോമഡിയും; എയറിലായി കേശുവേട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st January 2022, 4:15 pm

ഒരിടവേളക്ക് ശേഷം ദിലീപ് വേറിട്ട ഗെറ്റപ്പിലെത്തിയ ചിത്രമായിരുന്നു കേശു ഈ വീടിന്റെ നാഥന്‍. കഷണ്ടി കയറി പ്രായമായ കേശുവേട്ടനായി ദിലീപ് എത്തിയപ്പോള്‍ ഭാര്യ രത്‌നമ്മയായി ഊര്‍വശിയും അഭിനയിച്ചു.

റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തമാശകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കട്ടപ്പനയിലെ റിതിക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിലെ പല തമാശകളും ഔട്ട്‌ഡേറ്റഡായതാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംസാരം.

സിനിമ തുടങ്ങുമ്പോള്‍ തന്നെ ദിലീപിന്റെ കഥാപാത്രം കാറില്‍ വന്നിറങ്ങി ചിത്രത്തിലെ മറ്റുള്ളവരെ പരിചയപ്പെടുത്തുന്ന സീനില്‍ തന്നെ ബോഡി ഷെയിമിംഗ് ആരംഭിക്കുന്നുണ്ട്. ജോണി ആന്റണിയുടെ കഥാപാത്രത്തോട് വയറ് ചുരുക്കി പിടിച്ചോ ഇല്ലെങ്കില്‍ സെല്‍ഫിയെടുക്കുമ്പോള്‍ കിട്ടില്ല എന്നാണ് പറയുന്നത്.

കഥാപാത്രത്തിന്റെ വിഗ്ഗ് തലയില്‍ നിന്നും പറന്നു പോകുന്ന ഒരു രംഗം സിനിമയിലുണ്ട്. അപ്പോഴാണ് അദ്ദേഹത്തിന്റേത് ഒറിജിനല്‍ മുടിയായിരുന്നില്ല എന്ന് മറ്റുള്ളവര്‍ അറിയുന്നത്. അതേ തുടര്‍ന്ന് വലിയ നാണക്കേടിലാകുന്നു എന്ന നിലയിലാണ് ഇയാളെ ചിത്രീകരിച്ചിരിക്കുന്നത്. പറന്നു റോഡില്‍ വീണ വിഗ്ഗ് പിന്നീട് കുറച്ച് പരന്നിരിക്കുന്ന രീതിയില്‍ അദ്ദേഹം വീണ്ടും തലയില്‍ വെച്ചു നടക്കുന്ന സീനിനെതിരെയും വിമര്‍ശനങ്ങളുയരുന്നുണ്ട്.

കലാഭവന്‍ ഷാജോണിന്റെ കഥാപാത്രത്തെ കുരങ്ങിനോട് ഉപമിച്ചതിന് ശേഷം മുഖത്തിന് താഴെ നിന്നുള്ള ക്ലോസ് ഷോട്ടുകളൊക്കെ നിറത്തിന്റെയും തടിയുടെയും പേരില്‍ ആളുകളെ അധിക്ഷേപിക്കുന്നതിന്റെ അങ്ങേയറ്റമാണെന്നാണ് അഭിപ്രായങ്ങള്‍ വന്നത്.

കോമഡിക്കും പരിഹാസത്തിനും വേണ്ടി മാത്രമായി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന മലയാള സിനിമയുടെ പഴയ രീതികളൊക്കെ നാദിര്‍ഷ കേശുവേട്ടനിലൂടെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

അയല്‍വീട്ടിലേക്ക് റോക്കറ്റ് വിടുമ്പോഴുള്ള രംഗത്തിലെ ജാഫര്‍ ഇടുക്കിയുടെ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ അസഹനീയമെന്നാണ് സിനിമ കണ്ട ചിലര്‍ അഭിപ്രായപ്പെട്ടത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ കടയില്‍ മറ്റ് തുണികള്‍ക്കൊപ്പം കിടക്കുന്നതെന്ന് ‘തെറ്റിദ്ധരിച്ച്’ ഒരു പെണ്‍കുട്ടിയുടെ പാവാട ദിലീപിന്റെ കഥാപാത്രമായ കേശു ഉയര്‍ത്തി നോക്കുന്ന രംഗങ്ങള്‍ക്കൊക്കെ വിമര്‍ശനങ്ങള്‍ വന്നിരുന്നു.

പാട്ട് പാടാനാവശ്യപ്പെടുമ്പോള്‍ പാടാ എന്ന് പറയുന്ന കേശുവേട്ടന്റെ പാട്ട് കേള്‍ക്കാന്‍ ബന്ധുക്കള്‍ കാത്തിരിക്കുമ്പോള്‍ പാടാന്‍ പാടാണെന്നാണ് പറഞ്ഞത് എന്ന വിശദീകരിക്കുന്ന കോമഡി ദിലീപ് സിനിമകളിലെ സ്ഥിരം ക്ലീഷേ കോമഡിയായി മാറിയെന്ന് പലരും പറയുന്നു.

ഇതിന് സമാനമായ ഒരു സംഭാഷണം ചിത്രത്തില്‍ ഊര്‍വശിയുടെ രത്‌നമ്മക്ക് ഉണ്ടായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വെയ്റ്റര്‍ വന്ന് എ.സി ഇടട്ടെ എന്ന് ചോദിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് നീക്കികൊടുത്ത് ഇങ്ങോട്ട് ഇട്ടോളൂ എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എങ്ങനാ ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

ഇതിനൊപ്പം തന്നെ ഇവിടെ ഹില്‍ ടോപ്പ് ഉണ്ട് എന്ന് പറയുമ്പോള്‍ നല്ലതാണെങ്കില്‍ എല്ലാവര്‍ക്കും ഓരോന്ന് എടുത്തോ എന്ന് പറയുന്ന രീതിയിലുള്ള തമാശ ഉള്‍പ്പെടുത്തുന്നത് പ്രേക്ഷകരെ പരിഹസിക്കലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

മുന്‍പും നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യസിനിമയായ അമര്‍ അക്ബര്‍ അന്തോണിയില്‍ അതിഥിതൊഴിലാളികളെ ക്രിമിനലുകളാക്കി ചിത്രീകരിക്കുന്ന പ്രവണത ഉണ്ടായി എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

രണ്ടാമത്തെ സിനിമയായ കട്ടപ്പനയിലെ ഋതിക് റോഷനില്‍ പൊക്കം കുറഞ്ഞ കഥാപാത്രത്തെ കളിയാക്കിയത് എന്‍ഡോസള്‍ഫാന്‍ എന്ന് വിളിച്ചാണ് എന്നത് അതിന്റെ ഇരകളോട് ചെയ്ത ക്രൂരതയായാണ് വിലയിരുത്തപ്പെട്ടത്.

പെണ്ണിനെത്ര ബുദ്ധിയുണ്ടേലും പച്ചമാങ്ങ തീറ്റിച്ച് ആമ്പിള്ളേര് മുങ്ങുമെടി എന്നുള്ള നിലവാരത്തിലുള്ള വരികള്‍ സിനിമയിലെ പാട്ടിനായി എഴുതിയ സംവിധായകന്റെ സിനിമയില്‍ നിങ്ങള്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് പ്രതീക്ഷിച്ചോ എന്നാണ് ചിലര്‍ ചോദിച്ചത്.

കനകം കാമിനി കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’.

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, സ്വാസിക, നസ്ലന്‍, അനുശ്രീ, വൈഷ്ണവി, ബിനു അടിമാലി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: jockes of kesu ee veedinte nadhan became a discussion topic in social media