|

വയലന്‍സിന്റെ അതിപ്രസരം, തിയ്യറ്ററില്‍ നിന്നും ഇറങ്ങിപ്പോയി പ്രേക്ഷകര്‍; ജോക്കര്‍ നിരോധിക്കണമെന്ന് ഒരു വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആരാധകര്‍ ആകാംക്ഷയോടെയും നിയമപാലകര്‍ ഭയത്തോടെയും നോക്കിക്കണ്ട ജോക്കര്‍ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ തന്നെ ചില പ്രേക്ഷകര്‍ രൂക്ഷ വിമര്‍ശനവുമായി വന്നിരിക്കുകയാണ്. വയലന്‍സിന്റെയും, മാനസിക പിരിമുറുക്കത്തിന്റെയും അതി പ്രസരമുള്ള സിനിമ മാനസികമായി ഏറെ ബാധിച്ചെന്നും സിനിമ മുഴുവന്‍ കാണാതെ തിയ്യറ്ററില്‍ നിന്ന് ഇറങ്ങിപ്പോയെന്നുമാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിയ്യറ്ററില്‍ നിന്നും എനിക്ക് ഇറങ്ങപ്പോകേണ്ടി വന്നു. അത്രമാത്രം ഗണ്‍ വയലന്‍സിനെയും, മാനസിക പിരിമുറുക്കങ്ങളെയും മഹത്വ വല്‍ക്കരിക്കുന്നുണ്ട് ചിത്രത്തില്‍ – ചിത്രം കണ്ട ഒരാള്‍ ട്വിറ്ററില്‍ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.

ചിത്രം നിരോധിക്കാനും മാനസിക പ്രശ്‌നങ്ങളെ തെറ്റായി വ്യഖ്യാനിക്കുന്ന ഈ സിനിമ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന പലയിടങ്ങളിലും സുരക്ഷാ പ്രശ്‌നത്താല്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുകയും ചെയ്തു.

കഴിഞ്ഞദിവസം കാലിഫോര്‍ണിയയിലെ ഒരു തിയ്യറ്ററിലെ പ്രദര്‍ശനം ഭീഷണിയെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെക്കുകയുണ്ടായിരുന്നു.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു തിയ്യറ്ററില്‍ സിനിമ കാണാന്‍ വന്ന ഒരാള്‍ സിനിമയില്‍ ജോക്കര്‍ കൊലപാതകങ്ങള്‍ നടത്തുന്ന സീനുകള്‍ കാണുമ്പോള്‍ അസാധാരണമായി കൈയ്യടിച്ചതും ആര്‍പ്പു വിളിച്ചതും മൂലം അറസ്റ്റിലാവുകയും ചെയ്തു.

എന്നാല്‍ ഇത്തരം ആരോപണങ്ങളൊന്നും ചിത്രത്തിന്റെ കലക്ഷനെ ബാധിച്ചിട്ടില്ല. 234 മില്യണ്‍ ഡോളറാണ് ഇതുവരെ സിനിമ നേടിയിരിക്കുന്നത്.
കോമാളി വേഷം കെട്ടി ഉപജീവനം മാര്‍ഗം നടത്തുന്ന കടുത്ത മാനസിക സംഘര്‍ഷം നേരിടുന്ന ആര്‍തര്‍ ഫ്‌ലേക്ക് എന്നയാള്‍ വില്ലനായി മാറുന്നതാണ് സിനിമയുടെ കഥ. നടന്‍ വാക്കിന്‍ ഫീനിക്‌സാണ് ജോക്കറെ അവതരിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിന്റെ സംവിധായകന്‍ ടോഡ് ഫിലിപ്‌സും ജോക്കറെ അവതരിപ്പിച്ച വാക്കിന്‍ ഫീനിക്‌സും ശരിയും തെറ്റും മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പ്രേക്ഷകര്‍ക്കുണ്ടെന്നാണ് വിവാദങ്ങളോട് നേരത്തെ പ്രതികരിച്ചത്.

Latest Stories